undefined

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട് - പ്രമോദ് പുഴങ്കര

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട് - പ്രമോദ് പുഴങ്കര

Highlights

ഏതു രാജാവ്, എവിടുത്തെ രാജാവ്? ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യകേരള സമരവും പുന്നപ്ര-വയലാർ സമരവും ജന്മിത്വ വിരുദ്ധ സമരവുമൊക്കെച്ചേർന്നു പുറത്താക്കിയതാണ് ഈ രാജപദവിയൊക്കെ.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള എല്ലാ വിലക്കും കോടതി നീക്കിയതോടെയാണ് കേരളത്തിൽ പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളുടെ ആർത്തവകാലത്തെ കാന്തികപ്രഭാവത്തെക്കുറിച്ച് പല പണ്ഡിതരും ശ്രദ്ധിച്ചുതുടങ്ങിയത്. കോടതി ഇത്തരം കാര്യങ്ങളിൽ വിധി കല്പിക്കാമോ, ദൈവഹിതം ഹനിക്കാമോ മനുജാ നിൻ നിയമത്തിന് എന്ന ചോദ്യം സുപ്രീം കോടതി മുറികളിൽ നിന്നും അപസർപ്പക കഥകളെഴുതുന്ന നാനാവിധ നായന്മാർ വരെ ഉറക്കെ ചിന്തിക്കാൻ തുടങ്ങി.

അഞ്ച് ന്യായാധിപന്മാർ നിശ്ചയിക്കേണ്ടതാണോ നാട്ടിലെ വിശ്വാസം, പെണ്ണുങ്ങളുടെ തീണ്ടാരിപ്പാട്, പുറത്താകൽ, ഇങ്ങനെയിങ്ങനെ ഉണരുന്ന ഹിന്ദുവിന്റെ തീണ്ടൽക്കണക്കനുസരിച്ച് നമ്പൂരിയും അമ്പലവാസിയും നായരും മുതൽ വെള്ളാപ്പള്ളി ശ്രീ നാരായണീയൻ വരെ പേട്ടതുള്ളി പാട്ടുംപാടി അയ്യയ്യേ ഈ കോടതി, അയ്യയ്യേ ഈ പെണ്ണുങ്ങൾ, അയ്യപ്പ തിന്തക തോം എന്ന് കുത്തിമറിയുന്ന ഈ പ്രബുദ്ധതയെയാണ് നാം സാംസ്കാരിക കേരളം എന്നിനി വിളിക്കേണ്ടത്.

ആചാരങ്ങളിൽ വിട്ടുവീഴ്ചയാകാമോ, അതല്ലേ ബഹുസ്വരത എന്ന് തന്ത്രിമാരും വിശ്വാസി സമൂഹവും ചോദിക്കുന്നു അത്രേ! ഹാ ഹാ ! ആചാരമേ വാഴ്ക. "ഓപ്പേ, ഓപ്പ ഈ ഇരുപ്പിരുന്നാ അത്താഴം ഉണ്ണലിണ്ടാവില്യ" എന്ന ഒടപ്പെറന്നോളുടെ ഓർമ്മപ്പെടുത്തൽ കേട്ട്, തൊട്ടാൽ കുളിക്കേണ്ട ശൂദ്ര നായർ സ്ത്രീയെ ഭോഗിക്കാൻ പാടവരമ്പും കുണ്ടനിടവഴിയും കടന്നുവരുന്ന, തരാതരംപോലെ നൈഷ്ഠികന്മാരായ, കാളക്കൂറ്റന്മാരെപ്പോലെ ഭോഗതൃഷ്ണയുമായി ചുരമാന്തി നടന്നിരുന്ന ഏതെങ്കിലുമൊരു അഫൻ നമ്പൂരിക്കായി പൂമുഖം ഒഴിവാക്കി പോയിരുന്ന സുകുമാര, നന്ദകുമാര നായന്മാരുടെ സ്മരണയിൽ എൻ എസ് എസ് നൽകുന്ന പുനഃപരിശോധന ഹർജിയിൽ ഹിന്ദുവിന്റെ അഭിമാനം ആവോളം ഉണരുന്നുണ്ട്. ആചാരബദ്ധരായ കുലാംഗൻമാരും അംഗനമാരും നിലവിളക്കു കൊളുത്തൂ, ചെല്ലം നിറയ്‌ക്കൂ, തളിർവെറ്റിലയിൽ നൂറു തേക്കൂ, തിരുവാതിരനിലാവിൽ തിരുമേനിക്ക് പായ വിരിക്കൂ, ആചാരനിഷ്ഠയുള്ള തലമുറ ഇനിയും നമ്മെ അനുഗ്രഹിക്കട്ടെ.

ആചാരത്തെക്കുറിച്ച് നമ്പൂരാരുടെ ഗൃഹാതുരത്വത്തിനു ന്യായമുണ്ട്. കുടുംബത്തിലെ മൂത്ത പുരുഷനെ വിവാഹമുള്ളൂ. ബാക്കിയുള്ള സാമൂഹ്യദ്രോഹികളെല്ലാം വാര്യർ മുതൽ നായർ വരെയുള്ള വാര്യത്തേക്കും ഷാരത്തേക്കും വീട്ടിലേക്കും തറവാട്ടിലേക്കും കാന്തികപ്രഭാവിതമായ കാലിടകൾ നോക്കി മുക്രയിട്ടിറങ്ങുന്നതായിരുന്നു ആ പൂണൂലിൽ കെട്ടിഞാത്തിയിട്ട കേരളത്തിന്റെ നമ്പൂതിരി ലിംഗപുരാണം. ആചാരത്തിന്റെ ഗായത്രീസംഗീതം കൈകൊട്ടിക്കളിക്കുന്ന ഈ ആചാരാനുഷ്ഠാന കേരകേദാരത്തിലേക്ക് ഏതു നമ്പൂരിയാണ് മടങ്ങിപ്പോകാൻ ആഗ്രഹിക്കാത്തത്!

കേരള ബ്രാഹ്മണന്റെ മറ്റു മനുഷ്യരോടുള്ള പുച്ഛം അവന്റെ കാവ്യകോലാഹലമായ മണിപ്രവാളത്തിൽ കാണാം. അതിൽ പൂണൂലിട്ട പാണ്ടിപ്പട്ടരെവരെ അയാൾ കാണുന്നത്, "അർത്ഥപ്രാപ്തൈ കനമടികുളുർസ്സോമവൽ പ്പീഡിതനാം/ വച്ചുന്നീർ വെച്ചതുപിബതാം വാവൽ പോലെ/ ബിഭ്രാണാനാം വിഴുമുതിരവൽക്കത്തിമേകാം ദ്വിജനാം/ കാണാം മുൽപാടിടയിലിടയിൽത്തത്ര ദേശാന്തരാണി/" എന്നാണ്‌ . തലേന്നാൾ തിന്ന പഴത്തിന്റെ ഉച്ചിഷ്‌ടം പിറ്റേന്ന് തിന്നുന്ന വാവലിനെപ്പോലെ,തലേന്ന്‌ രാത്രിയിലെ വെള്ളച്ചോറുണ്ണുന്ന പാണ്ടിപ്പട്ടരെക്കുറിച്ചാണ് കേരള നമ്പൂരി ഇങ്ങനെ ചിറിയിളിക്കുന്നത് .

ആഢ്യനും ആസ്യനുമായി തമ്മിൽത്തന്നെ വകഭേദം വെച്ച നമ്പൂതിരിമാർ കേരളത്തിൽ ആധുനിക ജനാധിപത്യ വ്യവഹാരങ്ങളിലേക്കു ഏറ്റവും അവസാനം കടന്നുവന്ന കൂട്ടരായിരുന്നു. ആചാരാനുഷ്ഠാന നിബന്ധനകൾ വെച്ചുള്ള ഒരു കൂട്ടമെന്ന നിലയിൽ എടുത്താൽ ഏറ്റവും അപരിഷ്‌കൃതമായ സാമൂഹ്യബന്ധങ്ങൾ പുലർത്തിയിരുന്ന വിഭാഗമായിരുന്നു മലയാളി നമ്പൂതിരിമാർ. വൃദ്ധരായ അച്ഛൻ നമ്പൂരിമാർ ചെറുകിടാങ്ങളെ ഭോഗിക്കാൻ പണം നൽകി വാങ്ങിക്കൊണ്ടുപോയിരുന്ന കന്യാദാനങ്ങൾ. തീണ്ടാരി തിരിയാത്ത പെൺകിടാങ്ങളെ ധനികരായ വൃദ്ധ നമ്പൂതിരിമാർക്ക് വിറ്റിരുന്ന ദരിദ്ര നമ്പൂതിരിമാർ. ഇതൊക്കെയായിരുന്നു ഈ ആചാരമുഷ്‌ക്കാരായ ഇവരുടെ സുന്ദരകാലം. ആ ജീർണസംസ്കാരത്തെ കൊണ്ടുനടക്കാനാകാത്ത വിധത്തിൽ സമരകേരളം മാറ്റിയപ്പോഴാണ് തിരുമേനിമാർ ലിംഗം കോണകത്തിനകത്തേക്കിട്ട് രാഭോഗപ്പായകളിലെ യാഗവും ഹോമവും നിർത്തി മറ്റു മനുഷ്യരെപ്പോലെയാണ് തങ്ങളുമെന്ന് തോന്നിപ്പിക്കാൻ തുടങ്ങിയത്. ഉള്ളിൽ തോന്നിയിരുന്നില്ല പലർക്കുമെന്നത് ഈ ശരണം വിളി കേൾക്കുമ്പോൾ അറിയുന്നില്ലേ.

ഈ ബ്രാഹ്മണ, ജാതിക്കോമരങ്ങളാണ് ദേവപ്രശ്നവും നടത്തി, പെണ്ണുങ്ങളുടെ മൂടും മുലയും കണ്ടാൽ തങ്ങളെപ്പോലെ വേദമൂരിയായി ഭോഗയാഗത്തിനിറങ്ങുന്ന അധമനാകും അയ്യപ്പനെന്ന മട്ടിൽ തീർപ്പുകൾ കൽപ്പിക്കുന്നത്. അതിനെയാണ് ഒരു ജനാധിപത്യ, മതേതര ഭരണകൂടം പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിന്ന് കേൾക്കണമെന്നവർ ആക്രോശിക്കുന്നത്. തെരുവിലിറങ്ങുന്ന ജനാധിപത്യവിരുദ്ധതയെയും സ്ത്രീവിരുദ്ധതയെയും തെരുവിൽത്തന്നെ എതിർത്താണ് ഒരു ജനാധിപത്യ പൗരസമൂഹത്തിനു മുന്നോട്ടു പോകാനാവൂ.

കൊല്ലക്കണക്കുകളിൽ ആയിരം തൊട്ടാണ് ശരാശരി ആചാര ചരിത്രകാരന്മാർ പ്രവേശിക്കുന്നതുതന്നെ. അതിൽക്കുറഞ്ഞൊരു കളിയില്ല. സംഘകാലം കഴിയുന്നതുവരെ ഈ ഹിന്ദുമതം എന്ന തരത്തിൽ മതസമ്പ്രദായമേ ഇപ്പോൾ കേരളമെന്നു വിളിക്കുന്ന ഈ ഭൂഭാഗത്തുണ്ടായിരുന്നില്ല. ചില യുദ്ധദേവതകളെയൊക്കെ വെച്ച് കഴിഞ്ഞുപോന്നിരുന്ന ഒരു സാമാന്യ സമ്പ്രദായം മാത്രമേയുള്ളൂ. അങ്ങനെ നോക്കിയാൽ ആചാരത്തിൽ നാം വ്യാജന്മാരാണ് എന്ന് വരും. ആചാരത്തിൽ മൂപ്പ് മതരഹിത കേരളത്തിനാണ്.

ആചാരം സംരക്ഷിക്കാൻ ഇറങ്ങിയതിൽ മുമ്പിൽ പന്തളം രാജകുടുംബവും തിരുവിതാംകൂർ രാജകുടുംബവും ഉണ്ടെന്ന സംഭ്രമജനകമായ വാർത്തയാണ് ചിരിക്കാൻ വകയില്ലാതെ തലകുത്തിനിന്ന ഹെഗലിനെ പൊടുന്നനെ നേരാസനത്തിലേക്ക് മാറ്റി ചിരിപ്പിച്ചുകൊന്നത്. അതിനുശേഷമേ മാർക്സിസ്റ്റുകാർ ചിരിച്ചുതുടങ്ങിയുള്ളൂ. ഏതു രാജാവ്, എവിടുത്തെ രാജാവ്. ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യകേരള സമരവും പുന്നപ്ര-വയലാർ സമരവും ജന്മിത്വ വിരുദ്ധ സമരവുമൊക്കെച്ചേർന്നു പുറത്താക്കിയതാണ് ഈ രാജപദവിയൊക്കെ എന്നത് ഇപ്പോഴും രാജാവെന്നും തമ്പുരാനെന്നും കരുതുന്ന ആ ലജ്ജാഹീനരായ മുൻ ചൂഷകന്മാർക്കു അറിയില്ലെങ്കിലും വളഞ്ഞുകുത്താൻ പോകുന്ന തൊമ്മിമാർക്കെങ്കിലും ഓർക്കാവുന്നതാണ്.

ഞങ്ങളുടെ നെഞ്ചിൽച്ചവിട്ടിയെ യുവതികളായ സ്ത്രീകൾക്ക് ശബരിമല കയറാൻ കഴിയൂ എന്നാണു വിശ്വാസിഗുണ്ടകളുടെ വെല്ലുവിളി. എന്നാൽപ്പിന്നെ നെഞ്ചിൽച്ചവിട്ടിത്തന്നെ കയറണം. പെണ്ണുങ്ങൾ കാലുയർത്തിച്ചവിട്ടാത്തതിന്റെ ദോഷം കേരളത്തിലെ ആണധികാരഘടനയ്ക്കുണ്ട്. രണ്ടു പേർ തികച്ചു ചവിട്ടണ്ട, ഒന്നര ചവിട്ടിൽ തീരാവുന്ന ഉറപ്പെ അതിനുള്ളൂ.

തങ്ങളിൽപ്പെടാത്ത മനുഷ്യരെ തൊട്ടുകൂടാത്തവരാക്കി മാറ്റിനിർത്തിയത്, മൃഗശബ്ദങ്ങളിൽ മനുഷ്യരെ ആട്ടിയോടിച്ചത്, സവർണന്റെ ദൈവങ്ങൾക്കും അവനും അശുദ്ധിയുണ്ടാകുമെന്നു പറഞ്ഞു മനുഷ്യരെ അകറ്റിനിർത്തിയത് ഇതേ ആചാരങ്ങളുടെ പേരാണ്. ഇന്ന് ആചാരസംരക്ഷ‍കർ പറയുന്ന അതെ ന്യായമാണ് അന്നുമുണ്ടായിരുന്നത്. എല്ലാവർക്കും വിലക്കില്ലല്ലോ, ഒരു വിഭാഗത്തിനേയുള്ളൂ എന്ന്.

ജീർണമായ സാമൂഹ്യബോധത്തിന്റെ അശ്ലീലക്കാഴ്ചയാണ് ശബരിമല മാത്രമല്ല എല്ലാ മതസ്ഥാപനങ്ങളും. പക്ഷെ യാന്ത്രികമായി അവയിലെ ജനാധിപത്യ, മനുഷ്യത്വ വിരുദ്ധതയെ ഞങ്ങൾക്ക് ബാധകമല്ല എന്ന് പറഞ്ഞു മാറ്റിനിർത്തുന്നത്, അക്കാര്യങ്ങളിൽ നിശ്ശബ്ദതയോ നിർമമതയോ അഭിനയിക്കുന്നത് വിശ്വാസിയോളമെത്തുന്ന ഒരുതരം ശീലമാണ്. അത് ചരിത്രബോധമോ വിപ്ലവബോധമോ ഇല്ലാത്ത ജഡരാഷ്ട്രീയമാണ്.

ഇപ്പോൾ തെരുവിൽ സ്വാമിയെ അയ്യപ്പോ എന്ന് വിളിച്ചിറങ്ങിയ വിശ്വാസവൈതാളികർ ഇരമ്പിനിൽക്കുന്നത് പതിറ്റാണ്ടുകളുടെ സമരകേരളം നേടിയ നേട്ടങ്ങളുടെ മുന്നിലാണ്. വിഹ്രഹപ്രതിഷ്ഠയ്ക്ക് ആചാരമനുസരിച്ച് ബ്രാഹ്മണനാണ് വേണ്ടത് എന്ന് ആക്രോശിച്ച ബ്രാഹ്മണ്യ ഹുങ്കിനോട്, ഈഴവശിവന്റെ ലിംഗത്തിനും അതേ വലിപ്പം എന്ന് കാണിച്ചുകൊടുത്ത നാരായണ ഗുരുവിനെയാണ് അവർ വെല്ലുവിളിക്കുന്നത്.

ഒരു നൂറ്റാണ്ടിലേറെ കഴിയുമ്പോൾ, അതേ ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്.

പ്രമോദ് ഫേസ്ബുക്കില്‍ എഴുതിയത്

More from this Section

Highlights

ഏതു രാജാവ്, എവിടുത്തെ രാജാവ്? ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യകേരള സമരവും പുന്നപ്ര-വയലാർ സമരവും ജന്മിത്വ വിരുദ്ധ സമരവുമൊക്കെച്ചേർന്നു പുറത്താക്കിയതാണ് ഈ രാജപദവിയൊക്കെ.