undefined

നല്ലൊരു ചിത്രവധം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

നല്ലൊരു ചിത്രവധം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

Highlights

  • അമീറുളിന്റെ ശരീരവണ്ണം വര്‍ദ്ധിച്ചതിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്?
  • ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താനുള്ള വാര്‍ത്തയെഴുത്തല്ലേ ഇത്?

മാധ്യമ പ്രവര്‍ത്തകരേ, തടവറയ്ക്കുള്ളിലെ ശിക്ഷാ രീതികളെക്കുറിച്ച് നിങ്ങളുടെ സങ്കൽപ്പമെന്താണ്? തടവറകൾ കൊടിയ മര്‍ദ്ദനം അഴിച്ചുവിടുന്ന ഇരുൾ മുറികളാണെന്നാണോ നിങ്ങൾ ധരിച്ചുവശായിരിക്കുന്നത്? ജിഷാ വധക്കേസിൽ അമീറുൾ ഇസ്ലാം കുറ്റവാളിയാണെന്നുകണ്ടെത്തിയ കോടതി വിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെ മനോരമ ന്യൂസ് ചാനലിന്റെ ഓൺലൈൻ പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു വാര്‍ത്തയുടെ തലക്കെട്ട് അത്യന്തം അശ്ലീലമാണ്.

അതിങ്ങനെ: "അന്നങ്ങനെ, ഇന്നിങ്ങനെ: അമീറിന്റെ അമ്പരപ്പിക്കുന്ന രൂപമാറ്റം"

മെലിഞ്ഞ ശരീരത്തോടെ ജയിലിൽ പ്രവേശിച്ച അമീറുളിന്റെ ശരീരവണ്ണം വര്‍ദ്ധിച്ചതിനെക്കുറിച്ച് ആശങ്കപ്പെടുന്നതാണ് വാ‍ർത്തയുടെ ഉള്ളടക്കം. ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താനുള്ള വാര്‍ത്തയെഴുത്തല്ലേ ഇത്?

മനോരമ വാര്‍ത്ത

കുറ്റവാളികൾ എങ്ങനെയായിരിക്കണം എന്ന ഒരു വാർപ്പുമാതൃക മനോരമ പണ്ടേ സൃഷ്ടിച്ചുവച്ചിട്ടുണ്ട്. ആ കുറ്റവാളിമൂശയിലേക്ക് തൊഴിലാളിയെ പാകപ്പെടുത്തിയിട്ടുമുണ്ട്. അവരുടെ പത്രത്തിലെ പോക്കറ്റ് കാർട്ടൂണിൽ തൊഴിലാളികളെ ചിത്രീകരിക്കുന്നത് തുറിച്ചുനിൽക്കുന്ന കണ്ണുകളും പിരിച്ചുവച്ച കൊമ്പൻമീശയും തെറുത്തുകയറ്റിയ കുപ്പായക്കൈയും നിക്കർ കാണാവുന്ന തരത്തിൽ മടക്കിക്കുത്തിയ കൈലിമുണ്ടും അടക്കമാണ്. അതിന്റെ ഒരു വലിച്ചുനീട്ടലാണ്, അമീറുൾ ഇസ്ലാമിന്റെ രൂപപരിണാമത്തെ ചൊല്ലിയുള്ള ഈ പതംപറച്ചിൽ. മലയാള മനോരമ പ്രതിനിധാനം ചെയ്യുന്ന വർഗതാത്പര്യമല്ലാതെ ഒന്നുമല്ല, ഇത്.

മേൽസൂചിപ്പിച്ച വാർപ്പുമാതൃക മനോരമയുടെ മാത്രം സൃഷ്ടിയല്ല. ലോക വലതുപക്ഷത്തിന്റെ സംഭാവനയാണത്. അമേരിക്കയിൽ വധശിക്ഷയ്ക്കു വിധേയമാകുന്നവരിൽ ഭൂരിപക്ഷവും കറുത്തവർഗ്ഗക്കാരാണെന്ന കണക്കെടുപ്പും ഇന്ത്യയിലെ ജയിലുകളിൽ അടയ്ക്കപ്പെടുന്നവരിൽ അധികവും ദളിതരോ ന്യൂനപക്ഷമോ അരികുവത്കരിക്കപ്പെട്ടവരോ ആണെന്ന നിരീക്ഷണവും ഇവിടെ ചേർത്തുവയ്ക്കുക. അതേ നറേറ്റീവിന്റെ ഇന്ധമായാണ്, ഇവ രണ്ടും പ്രവർത്തിക്കുന്നത്. വെളുത്തവർഗ്ഗക്കാരിൽ നിന്നോ സവർണ്ണരിൽ നിന്നോ കുറ്റവാളികളായി ആരും ഇല്ലാത്തതുകൊണ്ടല്ല, ഇത്. ശിക്ഷയിൽ നിന്നു രക്ഷപ്പെടുന്നതിനുള്ള വക്കീൽസഹായവും സാമ്പത്തികശേഷിയും അവർക്കു കൂടുതലായുണ്ട് എന്നതുകൊണ്ടും 'ജനേയൂധാരി ഹിന്ദു' കള്ളംപറയില്ല എന്ന അന്ധവിശ്വാസം കോടതികൾ പോലും പ്രകടിപ്പിക്കുന്നതു വാർത്തയായിട്ടുണ്ട് എന്നതിനാലും ഇതിൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല.

അതെന്തായാലും ജയിലറകളെന്നാൽ നരകമാണെന്ന, നരകമാവണമെന്ന ഒരു സങ്കല്പമാണ് അമീറുൾ ഇസ്ലാമിന്റെയും മുമ്പൊരിക്കൽ ഗോവിന്ദച്ചാമിയുടെയും ശരീരപുഷ്ടിയെപ്രതി ആർഗുമെന്റം ആഡ് പോപ്പുലം എന്ന യുക്തിഹീനത പ്രദർശിപ്പിക്കുന്നതിലൂടെ വെളിവാകുന്നത്. ഇത് തടവുശിക്ഷ സംബന്ധിച്ച ആധുനിക ലോകത്തിന്റെ കാഴ്ചപ്പാടുകൾക്കു തന്നെ വിരുദ്ധമാണ്. കുറ്റവാളിയെ എന്നും കുറ്റവാളിയായി തള്ളാനല്ല, മനപരിവർത്തനത്തിലൂടെയും തൊഴിൽപരിശീലനത്തിലൂടെയും അവരിലെ കുറ്റവാസനയെ കുടഞ്ഞെറിഞ്ഞ് സമൂഹജീവിതത്തിനു പ്രാപ്തമായ മനുഷ്യരായി അവരെ മാറ്റിത്തീർക്കുന്നതിനാണ് മനുഷ്യകുലം ഇക്കാണായ സംസ്കാരമത്രയും ആർജ്ജിച്ചത്.

അലക്സാണ്ടര്‍ മക്ക്ണോക്കി

കാരാഗൃഹത്തെക്കുറിച്ചുള്ള സങ്കൽപ്പം മാറിമറിഞ്ഞത് 18-ാം നൂറ്റാണ്ടോടുകൂടിയാണ്. 1840ൽ ആസ്ത്രേലിയയിലെ നോർഫോക്ക് ദ്വീപിലെ ജയിൽ ഗവര്‍ണ്ണറായ അലക്സാണ്ടര്‍ മക്ക്ണോക്കിയാണ് ജയിൽ ശിക്ഷാ രീതിയിൽ പരിഷ്കരണം കൊണ്ടുവന്നത്. ക്വാക്കേഴ്സ് (Quakers) ചിന്താധാരയിൽപ്പെട്ട ജോൺ ഹൊവാർഡ്, എലിസബത്ത് ഫ്രെ എന്നിവരുടെ ആശയങ്ങളെ പിൻപറ്റിയാണ് അലക്സാണ്ടർ ജയിൽ നിയമങ്ങൾ പരിഷ്കരിച്ചത്. ഇരുൾ മുറികളിലെ പീഡനത്തിനും കഠിനമായ ശിക്ഷാ രീതികൾക്കും പകരം കുറ്റവാളികൾക്ക് മാനുഷിക പരിഗണന നൽകി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കഴിയുംവിധമാണ് അതു നടപ്പിലാക്കിയത്. നല്ലനടപ്പുകാരായ ജയിൽവാസികളെ പുനരധിവസിപ്പിക്കാനും ശിക്ഷയിൽ ഇളവുനൽകാനും കഴിയുംവിധമായിരുന്നു അന്നത്തെ പരിഷ്കരണം.

കേരളത്തിലെ ജയിൽ നിവാസികളുടെ പുനരധിവാസവും മാനസിക വികാസവും ഉറപ്പാക്കാൻ കേരളത്തിലെ ജയിലുകളുടെ പ്രവര്‍ത്തനത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നത് അലക്സാണ്ടര്‍ ജേക്കബ് ജയിൽ ഡിജിപി ആയിരിക്കുന്ന കാലഘട്ടത്തിലാണ്. ജയിലിൽ ചപ്പാത്തി നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം. ജയിൽ ചപ്പാത്തിക്കാകട്ടെ പൊതുവിപണിയിൽ ഇടം കണ്ടെത്താനും കഴിഞ്ഞു. പിന്നീട് വാഴക്കൃഷി, പശുവളര്‍ത്തൽ, പച്ചക്കറിക്കൃഷി എന്നിവകൂടി ജയിൽ വളപ്പിൽ ആരംഭിച്ചു. ജയിൽ അന്തേവാസികൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും ചെയ്യുന്ന തൊഴിലിന് കൂലി ലഭിക്കുന്നതിനും ഇതു കാരണമായി. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ജയിലിൽനിന്നും ലഭിക്കുന്ന പണിക്കൂലി ഉപയോഗിച്ചു പുതുജീവിതം തുടങ്ങാൻ തടവുകാ‍ർക്ക് ഇതു സഹായകരമാകുമെന്നു മുൻകൂട്ടിക്കണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ അലക്സാണ്ടര്‍ ജേക്കബിനു തൊ‍ട്ടുപിന്നാലെ ജയിൽ ഡിജിപിയായ ടി പി സെൻകുമാര്‍ ജയിൽ പരിഷ്കരണങ്ങളിൽ ചിലത് റദ്ദാക്കുകയും ചെയ്തു. കൂടാതെ അലക്സാണ്ടർ ജേക്കബിന്റെ പരിഷ്കരണങ്ങളെ പരുഷമായ രീതിയിലാണ് അദ്ദേഹം ഒരു ടെലിവിഷൻ അഭിമുഖത്തിൽ തള്ളിപ്പറഞ്ഞത്.


തീഹാർ ജയിലിൽ തടവുകാര്‍ക്കായി നടത്തിയ കലാശിൽപ്പശാലയിൽനിന്നും

2014 ഫെബ്രുവരിയിൽ ഡൽഹി സ്ട്രീറ്റ് ആര്‍ട്ട് ഫൗണ്ടേഷന്റെ പിന്തുണയോടെ തീഹാർ ജയിലിൽ തടവുകാര്‍ക്കായി കലാശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. ജയിൽ ഡിജിപിയായിരുന്ന വിമല മെഹ്റ പ്രത്യേക താത്പര്യമെടുത്തായിരുന്നു ശിൽപ്പശാല സംഘടിപ്പിച്ചത്. അതിൽ പങ്കെടുത്ത തടവുകാരുടെ സൃഷ്ടികളിൽ മിക്കവയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നതാണ് പ്രസ്താവ്യം. ഇതേ ശിൽപ്പശാലയിൽ പങ്കെടുത്ത ജയിൽ വാസികളിൽ ചിലര്‍ ഇപ്പോൾ അന്നു കലാ ശിൽപ്പശാലയ്ക്കു നേതൃത്വംകൊടുത്ത ആർടിസ്റ്റ് ബ്ലെയിസ് ജോസഫിനോടൊപ്പംചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

തടവുകാര്‍ക്ക് ഏറ്റവും അധികം സ്വാതന്ത്ര്യമുള്ളത് സ്കാൻഡനേവിയൻ രാഷ്ട്രങ്ങളിലെ ജയിലുകളിലാണ്. തടവുകാർക്ക് പാട്ടുപാടാനും ഇഷ്ടമുള്ള വിനോദങ്ങളിൽ ഏര്‍പ്പെടാനും ഭരണകൂടം തടവുകാരെ അനുവദിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങൾക്ക് വിലകൽപ്പിക്കുന്ന ശിക്ഷാരീതി. ഇതൊക്കെത്തന്നെയാണ് ഫിൻലാന്റ്, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലെ ജയിൽ മുറികൾ മറ്റ് രാജ്യങ്ങളിൽനിന്നും വേറിട്ടതാക്കുന്നത്.

നോര്‍വേയിലെ ജയിൽമുറികളിലൊന്ന്

വായൂസഞ്ചാരമുള്ള കിടപ്പുമുറിയും അതിനോടനുബന്ധിച്ച് ശുചിമുറിയുള്ള ജയിലറകളാണ് നോര്‍വെയിലേത്. ഫ്രിഡ്ജും ടെലിവിഷൻ എന്നിവയും ഓരോ മുറിയിലും സജ്ജീകരിച്ചിരിക്കുന്നു. പന്ത്രണ്ടോളം സെല്ലുകൾക്ക് ഒരു സ്വീകരണ മുറിയും ഒരു അടുക്കളയും എന്ന നിലയ്ക്കാണ് ജയിൽ മുറികളുടെ നിര്‍മ്മാണം. തടവുകാര്‍ക്ക് ശിക്ഷാകാലയളവിൽ വിദ്യാഭ്യാസം നേടുകയും ചെയ്യാം. രാവിലെ എട്ടുമണിതൊട്ട് വൈകിട്ട് എട്ടുമണിവരെയുള്ള സമയങ്ങളിൽ ജയിൽ ഗാർഡുമാര്‍ വിവിധയിനം പ്രവര്‍ത്തികൾ സംഘടിപ്പിക്കും. ഈ സമയത്ത് തടവുകാരന് ഇഷ്ടമുള്ള ഹോബി തിരഞ്ഞെടുക്കാം. കൊലപാതക കുറ്റത്തിന് കൂടിയാൽ 21 വര്‍ഷംവരെയാണ് നോര്‍വെയിൽനടപ്പിലുള്ള ശിക്ഷ. എന്നിട്ടും സ്കാൻഡനേവിയൻ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങളുടെ തോത് വളരെയധികം കുറവാണ്.

ശിക്ഷയ്ക്കു വിധിക്കപ്പെടുന്ന കുറ്റവാളികൾ ജീവിതകാലം മുഴുവൻ ജയിലിൽ നരകയാതന അനുഭവിക്കേണ്ടവരാണെന്ന് ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ വിധിയെഴുതിയാൽ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ എങ്ങനെ നേരാവണ്ണം ഈ സമൂഹത്തിൽ ജീവിക്കും? ജയിൽ ഇരുട്ടുമുറിയായിരിക്കണമെന്നും അവിടുത്തെ ജീവിതങ്ങൾ അൽപ്പ പ്രാണികളായിരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ എത്ര ക്രൂരമാണെന്ന് ആലോചിച്ചുനോക്കൂ. ജയിൽ വാസികളുടെ ശരീരപുഷ്ടിയെപ്പറ്റി ആകുലപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ ആൾക്കൂട്ട മനഃസ്ഥിതിക്കൊപ്പം നീന്തുന്നവരാണ്, അവരിൽനിന്നുമാത്രമേ ഇത്ര വികലമായ വാര്‍ത്തകൾ രൂപപ്പെടുകയുള്ളൂ.More from this Section

Highlights

  • അമീറുളിന്റെ ശരീരവണ്ണം വര്‍ദ്ധിച്ചതിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്തുതരം മാധ്യമപ്രവര്‍ത്തനമാണ്?
  • ആൾക്കൂട്ടത്തെ തൃപ്തിപ്പെടുത്താനുള്ള വാര്‍ത്തയെഴുത്തല്ലേ ഇത്?