undefined

ജയരാജനെതിരായ വാര്‍ത്ത പാര്‍ട്ടിയുടെ തന്ത്രമോ? വിവാദം സംസ്ഥാന നേതൃത്വത്തിലേക്കു വഴിയൊരുക്കാന്‍

ജയരാജനെതിരായ വാര്‍ത്ത പാര്‍ട്ടിയുടെ തന്ത്രമോ? വിവാദം സംസ്ഥാന നേതൃത്വത്തിലേക്കു വഴിയൊരുക്കാന്‍

Highlights

കുറച്ചുകാലം മുമ്പുവരെ മലബാറിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചെന്ന് ഏറ്റവും ജനകീയനായ നേതാവ് ആരാണെന്നു ചോദിച്ചാല്‍ അവിടുള്ളവര്‍ കണ്ണുമടച്ചു...

കുറച്ചുകാലം മുമ്പുവരെ മലബാറിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചെന്ന് ഏറ്റവും ജനകീയനായ നേതാവ് ആരാണെന്നു ചോദിച്ചാല്‍ അവിടുള്ളവര്‍ കണ്ണുമടച്ചു പറയുമായിരുന്നു, അത് പി ജയരാജനായിരിക്കുമെന്ന്. എന്നാല്‍ ഇന്ന് അതു മാറും. പക്ഷേ മാറുന്നത് ഉത്തരമല്ല ചോദ്യമാണെന്നു മാത്രം. കേരളത്തിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയിലെ ജനകീയനായ നേതാവാര് എന്ന ചോദ്യമായി അതു പരിവര്‍തത്തനം ചെയ്യപ്പെടും. ഉത്തരം പഴയതുതന്നെ. കണ്ണൂരിലെ സാധാരണക്കാര്‍ക്കിടയില്‍ നിന്നും കാലങ്ങള്‍ക്കിപ്പുറം സംസ്ഥാനതലത്തില്‍ പി ജയരാജന്‍ എന്ന മാര്‍ക്‌സിസ്റ്റുകാരന്‍ വളര്‍ന്നു തലയെടുത്തു നില്‍ക്കുന്നു. അത്തരത്തിലൊരു ജനകീയ നേതാവിനെതിരെ പെട്ടെന്നൊരു ദിവസം ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ വലിയ സംശയങ്ങളാണുണ്ടാക്കുന്നത്. ഈ സംശയങ്ങാണ് പി ജയരാജന്‍ എന്ന മാര്‍ക്‌സിസ്റ്റുകാരനെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയ്ക്കുന്നതും.

ആര്‍എസ്എസുപോലുള്ള സംഘടനകളിലും ബിജെപി, മുസ്ലീംലീഗ് പോലുള്ള പാര്‍ട്ടികളിലും കടന്നു കയറി വിള്ളല്‍ വീഴ്ത്തുന്ന രാഷ്ട്രീയ തന്ത്രം കേരളം പ്രകടമായി ആദ്യം കണ്ടത് കണ്ണൂരു നിന്നായിരുന്നു. ഉപജ്ഞാതാവ് പി ജയരാജനും. കണ്ണൂരിലെ ജയരാജന്‍ ത്രയങ്ങളിലെ മറ്റു രണ്ടുപേരും സംസ്ഥാന തല രാഷ്ട്രീയത്തില്‍ വ്യാപൃതരായപ്പോള്‍ സ്വന്തം ഭൂമിയില്‍ ചവിട്ടിനിന്നു പാര്‍ട്ടി വളര്‍ത്തുകയായിരുന്നു പി ജയരാജന്‍. ആ ഒരു ചവിട്ടി നില്‍ക്കലാണ് പി ജയരാജനെ ഉയര്‍ത്തിയെടുത്ത ജനപിന്തുണ നേടിക്കൊടുത്തതും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ മത്സരിക്കണമെന്നും പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആഭ്യന്തരമന്ത്രിപദവിയിലേക്ക് ജയരാജന്‍ എത്തുമെന്നുള്ള തരത്തില്‍ വന്‍ പ്രചരണം നടന്നിരുന്നു. കണ്ണൂരുകാര്‍െക്കാപ്പം ഇങ്ങ് തിരുവനന്തപുരം വരെയുള്ള മറ്റു ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ഇക്കാര്യം ആഗ്രഹിച്ചിരുന്നുവെന്നുള്ളതാണ് യഥാര്‍ത്ഥ്യം.

പാര്‍ട്ടിക്കതീതനായെന്ന തരത്തില്‍ പി ജയരാജനെതിരെ ഉയരുന്ന ആരോപണങ്ങള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളയാന്‍ തന്നെയാണ് സാധ്യത. പാര്‍ട്ടി കമ്മിറ്റികളിലുണ്ടാകുന്ന വിമര്‍ശനങ്ങളുടെയും സ്വയം വിമര്‍ശനങ്ങളുമൊക്കെയാണ് ഉയരുന്ന ആരോപണങ്ങള്‍ക്കു കാരണങ്ങളെന്നു ജയരാജന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തുകഴിഞ്ഞു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ പി ജയരാജനെപ്പോലുള്ള ഒരു നേതാവിനെതിരെ ഇത്തരത്തില്‍ വാര്‍ത്തകള്‍ ഉയരുന്നതിന്റെ കാരണമാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. അതിനുപിന്നാലെ ജയരാജന്റെ വിശദീകരണക്കുറിപ്പുക കൂടി വന്നതോടെ ആശയക്കുഴപ്പം ഒന്നുകൂടി വര്‍ദ്ധിക്കുകയായിരുന്നു.

ഈ സമ്മേളനത്തോടെ കണ്ണൂര്‍ ജില്ലാസെക്രട്ടറിയായി പി ജയരാജന്‍ മൂന്നു ടേം പൂര്‍ത്തിയാക്കുകയാണ്. പാര്‍ട്ടി ചട്ടമനുസരിച്ചു സ്വാഭാവികമായും മറ്റൊരു പേര് സെക്രട്ടറി സ്ഥാനത്തേക്കു ഉയര്‍ന്നുവരണം. നിലവിലെ സാഹചര്യത്തില്‍ കണ്ണൂരില്‍ ജയരാജന് പകരം മറ്റൊരാളെ കണ്ടെത്തുക പാര്‍ട്ടിയെ സംബന്ധിച്ചു വലിയ പ്രതിസന്ധിയാണ്. സാധാരണ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ ശത്രുക്കളുടെ ഇടങ്ങളിലേക്കു ഇടിച്ചു കയറി അതിലുള്ളവരെ സിപിഐഎമ്മിലേക്കു കൊണ്ടുവരികയും ചെയ്യുന്ന ജയരാജന്റെ ബുദ്ധിയ്ക്കും ധൈര്യത്തിനും മറ്റാരും, പകരമാകില്ല എന്നുള്ള കാര്യവും പാര്‍ട്ടിക്കറിയാം. എന്നാല്‍ സംസ്ഥാനത്താകമാനം സ്വാധീനമുള്ള ഒരു ജില്ലാനേതാവിനെ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനനിരതനാക്കിയാല്‍ വരും കാലങ്ങളില്‍ പാര്‍ട്ടിക്കുണ്ടാകുന്ന നേട്ടം വളരെ വലുതായിരിക്കും. അത്തരത്തിലുള്ള ഒരു നീക്കത്തിന്റെ ഭാഗമാകാം ഒരുപക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങള്‍.

ജയരാജനെതിരെയുളള വിവാദങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ അസ്വസ്ഥത പരത്തിയതു പോലെ തന്നെ മറ്റു ജില്ലക്കാര്‍ക്കിടയിലും വലിയ തരത്തിലുള്ള ചര്‍ച്ചകളുണ്ടാക്കിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ഈ ചര്‍ച്ചകള്‍ കാട്ടിത്തരുന്നത് പി ജയരാജന്റെ ജനകീയതയാണ്. സിപിഐഎമ്മിന്റെ സംസ്ഥാനത്തെ നിലവിലെ സംഘടനാ തലം ഏറെക്കുറെ കുറ്റമറ്റതാണെങ്കിലും ഭരണതലത്തില്‍ പ്രശ്‌നങ്ങള്‍ അനവധിയാണ്. രണ്ടരവര്‍ഷത്തിനിടയില്‍ രണ്ടുമന്ത്രിമാരുടെ രാജിയാണ് സംസ്ഥാനം കണ്ടത്. മറ്റൊരു രാജി ആസന്നമായിരിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവും പിണറായി വിജയനെക്കൊണ്ട് ഒറ്റയ്ക്കു വഹിക്കാനാകുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളം കഴിയുന്നതോടെ മുന്‍ ആഭ്യന്തര മന്ത്രിയും നിലവിലെ പാര്‍ട്ടി സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിസഭയില്‍ തന്ത്രപ്രധാനമായ സ്ഥാനത്ത് എത്തിയേക്കുമെന്നാണ് കരുതുന്നത്.

ഇങ്ങനെ സംഭവിച്ചാല്‍ ഏരിയ സമ്മേളനങ്ങളും ജില്ലാ സമ്മേളനങ്ങളും കടന്നു സംസ്ഥാന സമ്മേളനത്തിലേക്ക് എത്തുമ്പോള്‍ പുതിയ പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുയര്‍ന്നു വരും. ആ സ്ഥാനത്തേക്ക് പി ജയരാജന്‍ എത്തിപ്പെടാനുള്ള സാധ്യത വിദൂരമല്ല. കണ്ണൂരില്‍ നിന്നും തുടര്‍ച്ചയായി നാലാമത്തെ വ്യക്തി പാര്‍ട്ടി സെക്രട്ടറിയാകുന്നുവെന്നുള്ള ഒരു പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ സ്ഥാനത്തേക്ക് സര്‍വ്വസമ്മതനായ ഒരു വ്യക്തിയായിരിക്കും പി ജയരാജന്‍. സിപിഐഎമ്മിന്റെ മുഖ്യശത്രുവായി സംഘപരിവാര്‍ മാറിയിരിക്കുന്ന ഈ സമയത്ത് പി ജയരാജനെ പോലുള്ള ഒരു സെക്രട്ടറിയെത്തന്നെയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റും കൂടുതല്‍ ആഗ്രഹിക്കുന്നതും. അദ്ദേഹത്തെ മുഖ്യയിടത്തേക്കു കൊണ്ടുവരുന്നതു സംഘടനയെ ശക്തിപ്പെടുത്തലാകുമെന്നുള്ള കാര്യത്തിലും ശത്രുക്കള്‍ക്കു പോലും സംശയമുണ്ടാകില്ല. ഇപ്പോഴുയരുന്ന വിവാദങ്ങളുടെ മറുപുറം അതിന്റെ വിത്തുപാകലാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തെരഞ്ഞെടുപ്പു കാലത്ത് ആഭ്യന്തര മന്ത്രിസ്ഥാനാര്‍ത്ഥിയായി പി ജയരാജന്റെ പേരുയര്‍ന്നു വന്നുവെങ്കിലും കോടതിവിധി മത്സരിക്കുന്നതിനു വിഘാതമാകുകയായിരുന്നു. എന്നാല്‍ സംഘടനാ തലത്തില്‍ അതൊന്നും ബാധകമാകില്ലെന്നിരിക്കേ നെഗറ്റീവ് വിവാദങ്ങളിലൂടെ പാര്‍ട്ടി അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നു വിശ്വസിക്കുന്നതിലും തെറ്റില്ല.

More from this Section

Highlights

കുറച്ചുകാലം മുമ്പുവരെ മലബാറിലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചെന്ന് ഏറ്റവും ജനകീയനായ നേതാവ് ആരാണെന്നു ചോദിച്ചാല്‍ അവിടുള്ളവര്‍ കണ്ണുമടച്ചു...