undefined

ആൾക്കൂട്ട വിചാരണയിൽ ഒളിപ്പിച്ചുകടത്തുന്ന 'വംശീയവെറി'

ആൾക്കൂട്ട വിചാരണയിൽ ഒളിപ്പിച്ചുകടത്തുന്ന വംശീയവെറി

Highlights

പക്ഷേ ഉള്ളിന്റെയുള്ളിലെ വംശീയവെറി പുരോഗമന മലയാളി കുപ്പായത്തിനുള്ളിൽ അപ്പോഴും നമ്മൾ ഒളിപ്പിച്ചു വച്ചു. എന്നാൽ ഇന്നലെ അട്ടപ്പാടിയിൽ മനോദൌർബല്യമുള്ള ഒരു ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്നപ്പോൾ ആ മുഖംമൂടിയാണ് അഴിഞ്ഞു വീണത്

ബീഫിന്റെ പേരിൽ മനുഷ്യരെ പട്ടിയെ പോലെ തല്ലിക്കൊന്നപ്പോൾ, ദളിതനായതിന്റെ പേരിൽ 'ജനക്കൂട്ടം' ആക്രമിച്ച് കൊലപ്പെടുത്തിയപ്പോൾ അതൊക്കെയും അങ്ങ് ഉത്തരേന്ത്യയിൽ അല്ലേ എന്ന് ആശ്വസിച്ചവരാണ് നമ്മൾ മലയാളികൾ. പക്ഷേ ഉള്ളിന്റെയുള്ളിലെ വംശീയവെറി പുരോഗമന മലയാളി കുപ്പായത്തിനുള്ളിൽ അപ്പോഴും നമ്മൾ ഒളിപ്പിച്ചു വച്ചു. എന്നാൽ ഇന്നലെ അട്ടപ്പാടിയിൽ മനോദൌർബല്യമുള്ള ഒരു ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്നപ്പോൾ ആ മുഖംമൂടിയാണ് അഴിഞ്ഞു വീണത്. കറുത്തവനെ കണ്ടാൽ, മുഷിഞ്ഞ വസ്ത്രം ധരിച്ചവനെ കണ്ടാൽ, ഇതരസംസ്ഥാന തൊഴിലാളിയെ കണ്ടാൽ സംശയത്തോടെയും ഭയത്തോടെയും നോക്കുന്ന മലയാളി പൊതുബോധം.

തങ്ങളിൽ പെടാത്തവരെന്ന് മുദ്ര കുത്തി സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്യാനും കയ്യേറ്റം ചെയ്യാനും വേണമെങ്കിൽ കൊല ചെയ്യാനും ശേഷിയുള്ള 'ആൾക്കൂട്ടം' എന്ന ഒറ്റവാക്കിൽ ഒളിഞ്ഞിരിക്കുന്ന ഈ കൊലയാളികൾ ആരാണ്? അതിന് ഉത്തരം തേടി ദൂരെയൊന്നും പോകണ്ട. യാചക നിരോധിത മേഖല എന്ന് നാടു മുഴുവൻ ഫ്ളെക്സ് അടിച്ച് നിയമം കയ്യിലെടുക്കുന്ന, മുമ്പൊരിക്കൽ 'കറുത്ത മനുഷ്യൻ' ഇറങ്ങി (കറുത്തവനെന്ന് പറഞ്ഞാൽ പിന്നെ പേടിക്കണമല്ലോ) എന്ന് അനാവശ്യ ഭീതി പരത്തിയ, ഒരു നേരത്തെ അന്നത്തിന് തൊഴിലെടുക്കാൻ വന്ന ഇതരസംസ്ഥാന തൊഴിലാളികളെ തല്ലിയോടിക്കുന്ന പ്രബുദ്ധ മലയാളികൾ ഓരോരുത്തരുമാണ് ഈ കൊലയ്ക്ക് ഉത്തരവാദികൾ.

മലയാളികളുടെ വംശീയവെറിക്ക് കാലങ്ങളോളം പഴക്കമുണ്ട്. അത് സവർണത കൊണ്ടാടപ്പെടുന്ന മലയാള സിനിമകളിൽ തുടങ്ങി ഇന്ന് വംശീയതയും ദളിത് വിരുദ്ധതയും സ്ത്രീ വിരുദ്ധതയും തുപ്പുന്ന 'പുരോഗമന' യുവത്വത്തിന്റെ ഫേസ്ബുക്ക് പേജുകളിൽ വരെ നീണ്ടു കിടക്കുകയാണ്. കറുത്തവനെയും ആദിവാസികളെയും അപമാനിക്കുന്ന സിനിമകളെല്ലാം അരക്കിട്ടുറപ്പിച്ചത് ഇവർ നമ്മളിൽപെടില്ല എന്നു തന്നെയാണ്. ആ പൊതുബോധം തന്നെയാണ് ഇന്നലെ ഒരു ആദിവാസിയുടെ ജീവനെടുക്കുന്നതിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസമാണ് അങ്ങേയറ്റം മോശമായി സ്ത്രീകളെ സ്ലട്ട് ഷെയിം ചെയ്യുക ദളിത്‌ അധിക്ഷേപം നടത്തുന്ന എന്നീ അജണ്ടകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഫേസ്ഗ്രൂപ്പ് പേജിനെതിരെ പരാതികൾ ഉയർന്നത്. വളരെ ആപല്‍ക്കരവും അങ്ങേയറ്റം മലീമസവുമായ ഒരു പ്രതിസംസ്കാരം ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടു വരികയാണെന്നു പറയാതെ വയ്യ. പത്തിരുപത് വയസ്സ് പ്രായമുള്ള ചെറുപ്പക്കാരെ ഗ്രൂപ്പ് മെംബര്‍മാരാക്കി അവരെക്കൊണ്ട് എന്തിനേയും ഏതിനെയും ആരെയും അധിക്ഷേപിക്കാനും കേട്ടാലറയ്ക്കുന്ന തെറി പറയാന്‍ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അധോലോകമാണ് FFC.


എത്രത്തോളം വംശീയ വിദ്വേഷം വമിക്കുന്ന പോസ്റ്റുകളാണ് ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുന്നത് എന്നതിന് ഇതോടൊപ്പമുള്ള ഉദാഹരണം കണ്ടാല്‍ മതിയാകും. ആദിവാസികള്‍, ദളിതര്‍, കറുത്തവര്‍, ട്രാന്‍സ്ജെന്‍ഡറുകള്‍, സ്ത്രീകള്‍ അങ്ങനെ എല്ലാ പാര്ശ്വവല്‍ക്കരിക്കപ്പെടുന്ന വിഭാഗവും ഇവരുടെ അധിക്ഷേപത്തിന് ഇരയാണ്. ആദിവാസികളെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന ഗ്രൂപ്പ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ജനകൂട്ടം തല്ലി കൊന്ന വിഷയത്തില്‍ പോലും ഹീനമായാണ് പ്രതികരിച്ചത്.

അതുകൊണ്ട് വിശപ്പ് കൊണ്ടല്ലേ മോഷ്ടിച്ചത് , അതിന് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നുള്ള പതിവ് സഹതാപ പറച്ചിലുകൾക്കപ്പുറം മലയാളിയുടെ വംശീയതയെക്കുറിച്ച് തന്നെ നമ്മുക്ക് സംസാരിക്കാം.

More from this Section

Highlights

പക്ഷേ ഉള്ളിന്റെയുള്ളിലെ വംശീയവെറി പുരോഗമന മലയാളി കുപ്പായത്തിനുള്ളിൽ അപ്പോഴും നമ്മൾ ഒളിപ്പിച്ചു വച്ചു. എന്നാൽ ഇന്നലെ അട്ടപ്പാടിയിൽ മനോദൌർബല്യമുള്ള ഒരു ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്നപ്പോൾ ആ മുഖംമൂടിയാണ് അഴിഞ്ഞു വീണത്