undefined

സാമ്പത്തികസംവരണം സംവരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ റദ്ദ് ചെയ്യുമ്പോൾ

സാമ്പത്തികസംവരണം സംവരണത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ റദ്ദ് ചെയ്യുമ്പോൾ

Highlights

ദേവസ്വം നിയമനങ്ങളിലെ സംവരണം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ വായിച്ചപ്പോഴേ, ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്....

ദേവസ്വം നിയമനങ്ങളിലെ സംവരണം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ വായിച്ചപ്പോഴേ, ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്. എന്നാൽ തോമസ് ചാണ്ടി വിഷയത്തിൽ എല്ലാം കീഴ്മേൽ മറിഞ്ഞുപോയി. ഇടതുപക്ഷജനാധിപത്യമുന്നണി മന്ത്രിസഭയുടെ സംവരണനയത്തിലേക്ക് പക്ഷെ നമ്മുടെ ശ്രദ്ധ തിരിക്കാതെ തരമില്ല. ഇത് അത്രമേൽ പ്രധാനപ്പെട്ടതാണ്, എന്നതുകൊണ്ടുതന്നെ. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ഹിന്ദു സമുദായങ്ങളിൽ പെട്ടവർക്കു മാത്രമേ നിയമനം ഉള്ളൂ എന്നതറിയാമല്ലോ. ക്ലറിക്കൽ ജോലികൾക്കടക്കം, അങ്ങനെയാണ്. അതെന്തായാലും ക്ഷേത്രത്തിലെ കാര്യം നോക്കാൻ മാപ്പിളയും നസ്രാണിയും വന്നാൽ ശരിയാവില്ല. അക്കാര്യത്തിൽ തെറ്റുപറയാനുമില്ല. എന്നാൽ അമ്പലങ്ങളിലെ ശാന്തിപ്പണിയും മറ്റും ഫലത്തിൽ നമ്പൂതിരിമാർക്കു സംവരണം ചെയ്യപ്പെട്ടിരുന്ന പണിയാണ്. അതിന് അടുത്തിടെയാണു മാറ്റം വന്നത്. അക്കാര്യത്തിൽ സർക്കാരിനെ പലരും അഭിനന്ദിക്കയും ചെയ്തു. അതേ സമയം സർക്കാർ ആചാരഭ്രംശം വരുത്തുന്നതിന് പരിതപിച്ചവരും ദളിത് പൂജാരിക്കെതിരെ സമരം സംഘടിപ്പിച്ചവരുമുണ്ട്. ഈ നീക്കം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയിരുന്നു എന്നതു വസ്തുതയാണെന്നിരിക്കിലും ക്ഷേത്രപൂജാരിയാവുക എന്നതാണു ദളിത് ഇമാൻസിപ്പേഷന്റെ ആത്യന്തിക അടയാളം എന്ന നിലയ്ക്ക് അതിനെ കാണുക വയ്യ. ആ നീക്കത്തിലൂടെ ദളിതരെ മുഴുവൻ കൈയിലെടുത്തു എന്ന തോന്നലിൽ ഒരു കാര്യവുമില്ല. പുരോഗമനേച്ഛുക്കളായ ആളുകൾ ഒരു കേവിയെറ്റോടെ അതിനെ സ്വാഗതം ചെയ്തു എന്നേയുള്ളൂ. അമ്പലത്തിൽ തളച്ചിടപ്പെടുന്നതല്ല, ആചാരങ്ങൾക്കു പുറത്തേക്ക്, മതത്തിനു പുറത്തേക്ക് സമൂഹം പോകുന്നതു തന്നെയാണ് പുരോഗമനപരം. മറ്റേത് നടുക്കടലിൽ ഇട്ട നങ്കൂരമാണ്. അതെന്തായാലും അവിടെ നിൽക്കട്ടെ. വിശ്വാസവും യുക്തിയും തമ്മിലുള്ള തർക്കം ഒരിക്കലും തീരില്ല. നേതിനേതി പറഞ്ഞ ചാർവാകന്മാർക്കും ലോകായതന്മാർക്കും പണ്ടും ഒരു പഞ്ഞവുമില്ലായിരുന്നു.

നമുക്ക് മന്ത്രിസഭയുടെ അടുത്ത 'മാസ്റ്റർ സ്ട്രോക്കി'ലേക്കു വരാം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം നിയമനങ്ങളില്‍ സംവരണം നല്‍കാനുള്ള 'സുപ്രധാന'മായ തീരുമാനം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു എന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നു. സിപിഐ (എം) ന്റെയും ഇടതുമുന്നണിയുടെയും പ്രഖ്യാപിത നയമാണ് ഇതുവഴി നടപ്പിലാക്കുന്നത് എന്നും. മന്ത്രി പറയുന്നത് ശരിയാണ്. സിപിഐ(എം) നയം ഇതുതന്നെയാണ്. മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഈ നയം സ്ഥാനം പിടിച്ചതുമാണ്. ഞാൻ സിപിഐ(എം) അനുകൂലിയായ ഒരു വ്യക്തിയാണ് എന്നിരിക്കിലും പാർടിയുടെ ഏതെങ്കിലും നയത്തോടു പ്രകടമായി വിയോജിക്കുന്നുണ്ടെങ്കിൽ അത് ഈ നയത്തോടാണ്. അഫിർമേറ്റീവ് ആക്ഷന്റെ ഉദ്ദേശത്തെ തന്നെ തകർക്കുന്ന നയപരിപാടിയാണിത് എന്ന് ഒട്ടൊരു രോഷത്തോടെ തന്നെ പറയട്ടെ. സാമൂഹിക പിന്നാക്കാവസ്ഥ എന്നത് സമ്പത്തുമായി മാത്രം ബന്ധപ്പെട്ട കാര്യമല്ല. സമ്പത്തുണ്ടായാൽ പോലും സാമൂഹിക പിന്നാക്കാവസ്ഥ മാറണമെന്നുമില്ല. ഈ നീക്കത്തെ സംവരണാർഹരായ സമുദായങ്ങൾ എതിർക്കാതിരിക്കാൻ ആവശ്യമായ സൂത്രപ്പണിയും കൂടി ചേർത്താണ് ഗവർണർക്ക് ഒപ്പിടാനായി ഓർഡിനൻസ് തയ്യാറാകുന്നത്.

ഈഴവ സംവരണം 14%ൽ നിന്നു 17% ആക്കി. പട്ടികജാതി - പട്ടികവർഗ സംവരണം 10%ൽ നിന്നു 12% ആക്കി. ഇതര ഹിന്ദു ഒബിസി സംവരണം 3%ൽ നിന്ന് 6% ആക്കി. അതായത്, നേരത്തെയുണ്ടായിരുന്ന 27% സാമുദായിക സംവരണം 35% ആക്കി ഉയർത്തിയിട്ടുണ്ട്. സ്വാഭാവികമായും അവരുടെ തൊഴിൽ സാധ്യതയിൽ ഈ വർധനവ് പ്രതിഫലിക്കുക തന്നെ ചെയ്യും. ഇതിൽ ഈഴവ സംവരണം ഉയർത്തിയ കാര്യത്തിൽ എനിക്ക് എതിരഭിപ്രായം ഉണ്ട്. സംവരണം വഴി ജോലിക്കു കയറുന്നതു കൂടാതെ പൊതുവിഭാഗത്തിലും ധാരാളമായി ഈഴവർ സ്ഥാനം പിടിക്കുന്നുണ്ട്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സർക്കാർ സർവീസുകളിൽ ലഭിക്കുന്ന ഒരു സമുദായമാണ്, ഈഴവർ. ആ നിലയ്ക്ക് ഈ അധികം നൽകുന്ന സംവരണം ഈഴവരൊഴികെയുള്ള മറ്റ് അവശ സമുദായങ്ങൾക്കായി പരിമിതപ്പെടുത്തേണ്ടതായിരുന്നു. ബിഡിജെഎസ് വഴി ബിജെപിയിലേക്ക് ഒലിച്ചുപോയ ഈഴവ വോട്ടുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമായിരിക്കാം ഈ നീക്കം എന്നു സംശയിക്കാതെ തരമില്ല. നമ്മുടെ വിഷയം അതല്ല. ഈ 35% കൂടാതെ അംഗപരിമിതർക്കും മറ്റുമായി മാറ്റിവച്ചതോ ഡൈയിങ് ഹാർനെസ്, സ്പോർട്സ് ക്വോട്ട, ഡിപ്പാർട്ട്മെന്റൽ പ്രൊമോഷൻ / ട്രാൻസ്ഫർ തുടങ്ങിയ സ്പെഷ്യൽ ക്യാറ്റഗറിയോ ഒക്കെയായി ഒരു 5% കൂടിയുണ്ടാവാമെന്നു കൂട്ടിക്കോളൂ. ബാക്കിയുള്ള 60% ജനറൽ മെറിറ്റ് ആവണമായിരുന്നു. അതിൽ മുഴുവൻ സീറ്റിലും സവർണ വിഭാഗങ്ങളിൽ പെട്ടവർക്കാണ് ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാൽ തൊഴിൽ ലഭിക്കാനുള്ള സാധ്യത എന്നിരിക്കിലും സംവരണ സമുദായത്തിൽ പെട്ടവർക്കും ആ ഒഴിവുകളിലേക്ക് കടന്നുവരാൻ എല്ലാ അവസരവും (അതിനെ തുല്യ അവസരം എന്നു പറയാവില്ലെങ്കിൽക്കൂടി) ഉണ്ടായിരുന്നു. ആ അവസരത്തെ 10% കണ്ടു കുറയ്ക്കുന്നുണ്ട്, പുതിയ നീക്കം. അപ്പോൾ അപ്പുറത്ത് പഴയ 27%നു പുറത്ത് 8% സാധ്യത വർധിച്ചിട്ടില്ലേ എന്നു ചോദിക്കാം. ഉവ്വ്, തീർച്ചയായും വർധിച്ചിട്ടുണ്ട്. പക്ഷെ അതിനു കൊടുക്കേണ്ടി വരുന്ന വില, ഈ ദേവസ്വം നിയമനത്തിലെ കേവലം 10% ഒഴിവുകളുടേതല്ല എന്നതാണു പ്രസക്തം.

ഏതാനും വർഷങ്ങളായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സംവരണപ്പട്ടികയിലേക്ക് ഇടിച്ചുകയറാനായി സവർണ ജാതികൾ സമരത്തിലാണ്. പെരുമ്പാതകൾ തടഞ്ഞും തീവണ്ടിപ്പാതകൾ തടഞ്ഞും സർക്കാരുകളെ സമ്മർദ്ദത്തിലാക്കിയാണ്, അവരുടെ സമരങ്ങൾ. സംവരണം അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെ നടക്കുന്ന അത്തരം പ്രക്ഷോഭങ്ങൾക്ക് ഉയിരുമുശിരും കൊടുക്കുന്ന പരിപാടിയാണ്, കേരള സർക്കാരിന്റെ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണ പ്രഖ്യാപനം. ഇത് കേവലം ഒരു ശതമാനത്തിന്റെ ടോക്കൺ പ്രഖ്യാപനമായിരുന്നാൽ പോലും അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കണക്കിലെടുക്കുമ്പോൾ അങ്ങേയറ്റത്തെ റിഗ്രസീവ് ആയ മൂവ് ആണിത്. സംവരണ വിഭാഗങ്ങൾക്കു താരതമ്യേന മെച്ചപ്പെട്ട ദൃശ്യതയുള്ള കേരളത്തിലെ അവസ്ഥയല്ല, മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയും. അവിടങ്ങളിലെ ദളിതരെ അടക്കം ദോഷകരമായി ബാധിക്കാനിടയുള്ള ഒരു നിയമനിർമ്മാണത്തിലേക്കാണു സർക്കാർ കടക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ജാതിയടിസ്ഥാനത്തിലല്ല, വർഗ്ഗാടിസ്ഥാനത്തിലാണ് സംഘടിച്ചിട്ടുള്ളത്. തൊഴിലാളിവർഗ്ഗത്തെ വിഭജിക്കുന്ന ജാതിമത പരിഗണനകൾ തീരുമാനങ്ങളിൽ പാടില്ല എന്നാണ് വയ്പ്പ്. ആ നിലയ്ക്ക് സവർണ സമുദായത്തിലെ ദരിദ്രനേയും അവർണ സമുദായത്തിലെ ദരിദ്രനേയും തങ്ങളുടെ വർഗസമരപ്പോരാട്ടത്തിലെ സഖാക്കളായി കാണുന്നു എന്നാണ് ന്യായം. തൊഴിലാളിവർഗ്ഗത്തിൽ പെട്ട എല്ലാവരുടെയും ജീവിതസൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം എന്ന് അവർക്കു വാദിക്കാനാവും. ആ ന്യായം തന്നെയാണ്, അംബേദ്കറെക്കൊണ്ട് കമ്മ്യൂണിസ്റ്റുപാർട്ടിക്കെതിരെ സംസാരിക്കാൻ ഇടയാക്കിച്ചത് എന്നതു മറന്നുകൂടാ.

ഇന്ത്യൻ ജാതിയാഥാർത്ഥ്യത്തെ കാണാത്ത യൂറോപ്യൻ സെൻട്രിക് അപ്രോച്ച് ഇടതുപക്ഷത്തിനു വലിയ ദോഷമേ വരുത്തിവയ്ക്കൂ. അപ്പോൾ പിന്നെ മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സഹായങ്ങളൊന്നും വേണ്ടേ എന്ന ചോദ്യമുയരാം. അവരും ജനത്തിൽ പെടുന്നവരല്ലേയെന്നും അവരുടെ വോട്ടുകളും നിങ്ങൾ വാങ്ങുന്നില്ലേയെന്നും ചോദിക്കാം. തീർച്ചയായും ശരിയായ ചോദ്യങ്ങൾ തന്നെയാണിവ. എന്നാൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിങ്ങൾ നൽകേണ്ടത് തൊഴിൽ വിദ്യാഭ്യാസ സംവരണങ്ങളല്ല, എന്നാണ് അതിൽ എനിക്കു പറയാനുള്ളത്. അവർക്കു വേണ്ടത് സോഷ്യൽ സെക്യൂരിറ്റി മെഷേഴ്സ് ആണ്. ഉദാഹരണത്തിനു വിവിധ സബ്സിഡികളും റേഷനും ഗൃഹനിർമ്മാണ സഹായവും വായ്പാലഭ്യത ഉറപ്പാക്കലും മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകളും തുടങ്ങി എന്തെന്തെല്ലാം മെഷറുകൾ അവരുടെ ഉന്നമനത്തിനായി സർക്കാരിനു നടപ്പാക്കാം. അതിനപ്പുറം അവർക്കു പരിഹരിക്കപ്പെടേണ്ടതായി ഒരു സാമൂഹിക പിന്നാക്കാവസ്ഥയുമില്ല എന്നതല്ലേ, യാഥാർത്ഥ്യം? മന്ത്രി അവകാശപ്പെടുന്നതുപോലെ ഇതിനെ പൊതുസമൂഹം പിന്തുണയ്ക്കുമായിരിക്കാം. നമ്മുടെ പൊതുബോധം സവർണമായിരിക്കുന്നിടത്തോളം കാലം അതിനാണു സാധ്യത. എന്നാൽ നീതിയെ ന്യായത്തിന്റെ മുന്നിൽ നിർത്തിയാൽ ഈ നടപടി ഇന്ത്യയുടെ യാഥാർത്ഥ്യങ്ങൾക്കുനേരെ പല്ലിളിച്ചു കാട്ടുന്നതാണ് എന്നു പറയാതെ വയ്യ.

More from this Section

Highlights

ദേവസ്വം നിയമനങ്ങളിലെ സംവരണം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇന്നലെ വായിച്ചപ്പോഴേ, ഒരു കുറിപ്പെഴുതണം എന്നു കരുതിയതാണ്....