undefined

ജാതിയും മതവുമല്ല, അംഗീകരിക്കലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം; എന്റെ വിജയം പരിഹസിച്ചവര്‍ക്കുള്ള മറുപടി: നൂറിന്‍ ഷെരീഫ്

ജാതിയും മതവുമല്ല, അംഗീകരിക്കലാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം; എന്റെ വിജയം പരിഹസിച്ചവര്‍ക്കുള്ള മറുപടി: നൂറിന്‍ ഷെരീഫ്

Highlights

ജാതിയും മതവും നോക്കിയല്ല വ്യക്തിയെ വ്യക്തിയായി അംഗീകരിക്കുന്നിടത്താണ് യഥാര്‍ഥ സ്വാതന്ത്ര്യം ഉള്ളതെന്ന് മിസ് കേരളയായ നൂറിന്‍ വ്യക്തമാക്കുന്നു. മോഡലിംഗ് ഏറെ ഇഷ്ടമുള്ള നര്‍ത്തകിയും നടിയും കൂടിയായ നൂറിന്‍ സംസാരിക്കുന്നു മെട്രോപൊളിറ്റന്‍ പോസ്റ്റിനോട്...

കോട മഞ്ഞും കുളിരും പെയ്യുന്ന ഡിസംബറിന്റെ മാറിലേക്ക് വീണ പ്രകാശത്തെ നമുക്ക് നൂറെന്ന് വിളിക്കാം. മിന്നിത്തിളങ്ങുന്ന നക്ഷത്ര കാന്തിയും ചുരൂണ്ട സുന്ദരമായ മുടിയും മുത്തുപൊഴിക്കുന്ന ചിരിയുമായി കേരളക്കരയുടെ മനം മയക്കിയ ഇവളുടെ ശരിക്കുള്ള പേര് നൂറിന്‍ ഷെരീഫെന്നാണ്. മിസ് കേരള 2017 ലെ വിജയ കിരീടം ചൂടിയ മധുര പതിനെട്ടുകാരി.

വിശേഷങ്ങള്‍ ഒരുപാടുണ്ട് ഈ കൊല്ലംകാരിക്ക് പറയാന്‍. ചിലപ്പോഴൊക്കെ അത് ജീവിതത്തിന്റെ നിറമുള്ള സ്വപ്നങ്ങളെ തേടി പറക്കുന്ന ഒരുവളുടേതാണ്. മറ്റു ചിലപ്പോള്‍ ഇരുത്തം വന്നൊരു പെണ്ണിന്റെ വിലയിരുത്തലുകളാണ്. ജാതിയും മതവും നോക്കിയല്ല വ്യക്തിയെ വ്യക്തിയായി അംഗീകരിക്കുന്നിടത്താണ് യഥാര്‍ഥ സ്വാതന്ത്ര്യം ഉള്ളതെന്ന് നൂറിന്‍ വ്യക്തമാക്കുന്നു. മോഡലിംഗ് ഏറെ ഇഷ്ടമുള്ള നര്‍ത്തകിയും നടിയും കൂടിയായ നൂറിന്‍ സംസാരിക്കുന്നു മെട്രോപൊളിറ്റന്‍ പോസ്റ്റിനോട്,


മിസ് കേരള മത്സരത്തിലേക്ക്?

2016 ല്‍ മിസ് ക്വയിലോണ്‍ പട്ടം നേടിയിരുന്നു. അതാണ് മിസ് കേരള മത്സരത്തില്‍ ഒരു കൈ നോക്കാനുള്ള ധൈര്യം നല്‍കിയത്. തുടര്‍ന്ന് മിസ് കേരള മത്സരത്തിലേക്ക് അപേക്ഷ അയച്ചു. അറോറ ഫിലിം കമ്പനി നടത്തിയ ബ്യൂട്ടി ആന്‍ഡ് ഫിറ്റ്‌നസ് മത്സരത്തില്‍ എത്തുന്നത് അങ്ങനെയാണ്. ഇതല്ലാതെ സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത ഒരുപാട് അനുഭവങ്ങളൊന്നും എനിക്കില്ല.

മിസ് കേരള പോലൊരു വലിയ സ്റ്റേജില്‍ നില്‍ക്കാന്‍ പേടിയുണ്ടായിരുന്നോ?

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറില്‍ പങ്കെടുത്തിട്ടുണ്ട്. വിജയി ആയില്ലെങ്കിലും ആ പരിപാടിയിലൂടെ ലഭിച്ച ആത്മവിശ്വാസം വലുതാണ്. അതുപോലെ ഒന്നു രണ്ട് പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിന്നെ സ്‌കൂളില്‍ ഹൈജമ്പ് താരമായിരുന്നു. സംസ്ഥാന കായികോത്സവത്തില്‍ മാത്രമല്ല, കലോത്സവത്തില്‍ തുടര്‍ച്ചയായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ മാര്‍ഗം കളിക്ക് സമ്മാനം നേടിയത് ഞങ്ങളുടെ സംഘമായിരുന്നു. ഇതിന് പുറമെ ഒപ്പന, കഥാപ്രസംഗം ,മിമിക്രി എന്നിവയിലും സംസ്ഥാന തലത്തില്‍ മത്സരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്റ്റേജ് ഫിയര്‍ എന്നൊരു പ്രശ്‌നം അലട്ടിയിട്ടേ ഇല്ല.


മുസ്‌ളിം കുടുംബത്തില്‍ നിന്ന് മോഡലിംഗ്, സൗന്ദര്യ മത്സരം എന്നീ മേഖലകളിലേക്ക് വരുമ്പോള്‍. എതിര്‍പ്പുകള്‍ ഉണ്ടായിട്ടില്ലേ?

സ്വാഭാവികമായിട്ടും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടി ആയിരുന്നതിനാല്‍ തന്നെ ആദ്യമൊക്കെ ഒരുപാട് പേര്‍ എതിര്‍ത്തിട്ടുണ്ട്. പക്ഷേ അവര്‍ക്കൊക്കെ ഉള്ള മറുപടിയാണ് ദൈവം തന്ന ഈ വിജയം. പരിഹാസങ്ങളും വിവാദങ്ങളുമായി ഒട്ടേറെപ്പേര്‍ തളര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ ബാപ്പയും ഉമ്മയും ചേച്ചി നസ്‌റിനും തന്ന ആത്മവിശ്വാസമാണ് മുന്നേറാനും ഇന്ന് ഇവിടെ വരെയെത്താനും സഹായിച്ചത്. അല്ലെങ്കിലും പര്‍ദ കൊണ്ട് മൂടി വെക്കേണ്ടത് പെണ്ണിന്റെ മോഹങ്ങളല്ലല്ലോ.

മിസ് കേരള മത്സരത്തെക്കുറിച്ച്?

എല്ലാവരുടെ ഉള്ളിലും സൗന്ദര്യമത്സരം എന്ന് പറയുമ്പോള്‍ ശരീര പ്രദര്‍ശനം എന്ന് മാത്രമേ വരുന്നുള്ളൂ. എന്നാല്‍ അതല്ല. ഞാന്‍ എന്റെ ശരീരം അധികവും കവര്‍ ചെയ്തു കൊണ്ടാണ് മത്സരത്തിലെ എല്ലാ റൗണ്ടിലും പങ്കെടുത്തത്. ഇതൊരു മാറ്റമായാണ് ഞാന്‍ കാണുന്നത്. അവിടെ മാര്‍ക്കിടുന്നത് നമ്മുടെ ബുദ്ധിക്കല്ലെ? എത്രമാത്രം ശരീരം കാണിച്ചു എന്ന് നോക്കിയല്ലല്ലോ.


സോഷ്യല്‍ മീഡിയയില്‍ നിന്ന് സപ്പോര്‍ട്ട് കിട്ടാറുണ്ടോ? നൂറിന്‍ ഡബ്‌സ്മാഷുകള്‍ ചെയ്യുന്ന ആള്‍ കൂടിയല്ലേ?

സോഷ്യല്‍ മീഡിയ ഇഷ്ടമാണ്. ഡബ്‌സ്മാഷുകള്‍ക്കൊക്കെ നല്ല പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്. പക്ഷേ ചിലപ്പോഴൊക്കെ ആള്‍ക്കാര്‍ വിമര്‍ശനങ്ങളും പരാതികളും മാത്രം ഉന്നയിക്കാനുള്ള ഒരിടം മാത്രമായി അതിനെ കാണുന്നുണ്ടെന്ന് തോന്നാറുണ്ട്. പക്ഷേ അത്തരം വിമര്‍ശനങ്ങളില്‍ നിന്നു കൂടി പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പുഞ്ചിരിയോടെ മുന്നേറിയാലേ വിജയം തേടിയെത്താറുള്ളൂ എന്നാണ് എന്റെ വിശ്വാസം.

ഈയടുത്താണ് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായത്. എന്താണ് നൂറിന്റെ ഇതിനെക്കുറിച്ചുള്ള നിലപാട് ?

മലപ്പുറത്തെ സഹോദരിമാര്‍ ബോധവല്‍ക്കരണത്തിനായി ചെയ്ത ഫ്‌ളാഷ് മോബ് എത്രത്തോളം നല്ലൊരു കാര്യമാണെന്ന് ഈ വിവാദങ്ങള്‍ക്കിടയില്‍ പലരും തിരിച്ചറിയാതെ പോയി. അപക്വവും വില കുറഞ്ഞതുമായ വാക്കുകളാല്‍ ആ കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തിലാക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. നാലാം വയസുമുതല്‍ ഭരതനാട്യം അഭ്യസിക്കുന്ന എനിക്ക് നൃത്തത്തിന്റെ വില എത്രത്തോളമുണ്ടെന്ന് അറിയാം. മുസ്ലീമെന്നോ, മറ്റു ജാതി മതക്കാരെന്ന വ്യത്യാസം ഇല്ലാതെ വ്യക്തികളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാന്‍ വിടുന്നിടത്താണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

സിനിമയിലും സജീവമാകുകയാണല്ലേ?

ഒമര്‍ ലുലുവിന്റെ ചങ്ക്‌സ് എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തന്നെ അടുത്തിറങ്ങാന്‍ പോകുന്ന 'ഒരു അടാര്‍ ലൗ' എന്ന സിനിമയില്‍ നായികയായിട്ടാണ് ഇനി എത്തുന്നത്.പഠനം?

ചവറയില്‍ ഇന്റഗ്രേറ്റഡ് എംബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് . പഠനത്തിനൊപ്പം ഡാന്‍സും മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്. സരിനന്‍സ് ഡാന്‍സ് കമ്പനിയിലെ ഡാന്‍സര്‍ കൂടിയാണ് ഇപ്പോള്‍.

കുടുംബം?

കൊല്ലം കുണ്ടറയിലാണ് വീട്. ബാപ്പ ഷെരീഫ് സൗദിയില്‍ ഹോട്ടല്‍ ബിസിനസ് ചെയ്യുന്നു. ഉമ്മ ഹസീന ഫാഷന്‍ ഡിസൈനറാണ്. മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് , ഉഗ്രം ഉജ്ജ്വലം എന്നീ പരിപാടികളുടെ കോസ്റ്റ്യൂം ഡിസൈനറായിരുന്നു ഉമ്മ . സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ പരിപാടിയില്‍ എന്റെ കോസ്റ്റ്യും ഡിസൈന്‍ ചെയ്തത് ഉമ്മ ആയിരുന്നു. അത് കണ്ടിട്ടാണ് ഉമ്മയ്ക്ക് ഈ അവസരങ്ങള്‍ കിട്ടിയത്. ചേച്ചി നസ്‌റിന്‍. വീട്ടുകാരുടെ പൂര്‍ണ പിന്തുണയാണ് ഈ നേട്ടത്തിനെല്ലാം പിന്നില്‍.


More from this Section

Highlights

ജാതിയും മതവും നോക്കിയല്ല വ്യക്തിയെ വ്യക്തിയായി അംഗീകരിക്കുന്നിടത്താണ് യഥാര്‍ഥ സ്വാതന്ത്ര്യം ഉള്ളതെന്ന് മിസ് കേരളയായ നൂറിന്‍ വ്യക്തമാക്കുന്നു. മോഡലിംഗ് ഏറെ ഇഷ്ടമുള്ള നര്‍ത്തകിയും നടിയും കൂടിയായ നൂറിന്‍ സംസാരിക്കുന്നു മെട്രോപൊളിറ്റന്‍ പോസ്റ്റിനോട്...