undefined

തലസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ച ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് ഒരു വയസ്സ്

തലസ്ഥാനത്ത് ചരിത്രം സൃഷ്ടിച്ച ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് ഒരു വയസ്സ്

Highlights

  • ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് ഒരു വയസ്സ്
  • പ്രതിദിനം വിതരണം ചെയ്യുന്നത് 7000ത്തിലധികം ഭക്ഷണപ്പൊതികള്‍

വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാന്‍ ഒരു മനസ്സോടെ രംഗത്തിറങ്ങിയ ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂര്‍വ്വം' പദ്ധതിക്ക് ഒരു വയസ്സു തികയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എസ്എടി ആശുപത്രികള്‍, ശ്രീ ചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെത്തുന്നവരെ ലക്ഷ്യം വച്ചുള്ള സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിയായ ഹൃദയപൂര്‍വ്വമാണ് ഒരുവയസ്സു പൂര്‍ത്തിയാക്കുന്നത്. പ്രതിദിനം 7,000ത്തിലധികം പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന പ്രസ്തുത പദ്ധതി കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നു മുതലാണ് ആരംഭിച്ചത്.


ഇതിനോടകം 25ലക്ഷത്തിലധികം ഭക്ഷണ പൊതികളാണ് ഈ പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ വിതരണം ചെയ്തത്. കഴിഞ്ഞ ഒരുവര്‍ഷമായി മുടക്കമേതുമില്ലാതെ തുടര്‍ന്നു വരുന്ന ഹൃദയപൂര്‍വ്വം പദ്ധതിയില്‍ പ്രതിദിനം 7000ത്തില്‍ അധികം ഭക്ഷണ പൊതികളാണ് വിതരണം ചെയ്യുന്നത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ മാത്രം കേന്ദ്രീകരിച്ചാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നുള്ളതും പ്രത്യേകതയാണ്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ഈ ഒരുവര്‍ഷം ഒരുദിനം പോലും മുടക്കമില്ലാതെ ഈ പദ്ധതി വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്നുള്ളത് സംഘടനാ മികവിന്റെ ഉദാഹരണമാണെന്നു ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ സാജു പറയുന്നു.


തലസ്ഥാനജില്ലയിലെ ജില്ലാ കമ്മിറ്റിക്കു കീഴില്‍ 160 മേഖലാ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസത്തേയും ഭക്ഷണ വിതരണം ഓരോ മേഖലാ കമ്മിറ്റിക്കായിരിക്കും. തങ്ങളുടെ ഊഴമെത്തുന്നതിനു രണ്ടു ദിവസം മുമ്പു തന്നെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആ പ്രദേശത്തെ വീടുകളില്‍ പ്രവര്‍ത്തകര്‍ എത്തും. ആ ഗൃഹസന്ദര്‍ശന പരപാടയിലൂടെ ഓരോ വീട്ടില്‍ നിന്നുമുള്ള ഭക്ഷണ പൊതികള്‍ ഉറപ്പു വരുത്തുകയും ചെയ്യും. തുടര്‍ന്നു ഭക്ഷണം നല്‍കേണ്ട ദിവസം രാവിലെ വീടുകള്‍ തോറും കയറിയിറങ്ങി പൊതികള്‍ ശേഖരിക്കുകയും മേഖലയിലെ പല പ്രദേശങ്ങളില്‍ നിന്നുമുള്ള പൊതികള്‍ ഒരുമിപ്പിച്ച് ഒരു വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്യുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനങ്ങള്‍ അത്മാര്‍ത്ഥതയോടും ചിട്ടയോടും കൂടി ചെയ്യുന്നതിന്റെ ഫലമാണ് പദ്ധതിയുടെ വന്‍ വിജയമെന്നും സാജു 'ദ മെട്രോപൊളിറ്റന്‍ പോസ്റ്റി'നോടു പറഞ്ഞു.

ഭക്ഷണം വിതരണം െചയ്യുന്നതിലും ഡിവൈഎഫ്‌ഐ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമായ രീതിയിലാണ് ഭക്ഷണ വിതരണം. വാഴയിലയില്‍ പൊതിഞ്ഞ ഭക്ഷണമാണ് വിതരണത്തിനായി എത്തിക്കുന്നത്. ഭക്ഷണ പൊതി ശേഖരിക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തകര്‍വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ തന്നെ ഇക്കാര്യവും സൂചിപ്പിക്കും. വീട്ടുകാര്‍ സന്തോഷത്തോടെ തന്നെ പ്രസ്തുത നിര്‍ദ്ദേശം സ്വീകരിക്കാറുണ്ടെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പല സ്ഥലങ്ങളിലും ഇലയുടെ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് അതിനാവശ്യമായ സഹായം പ്രവര്‍ത്തകര്‍ തന്നെ നല്‍കുകയും ചെയ്യും. നിലവിലെ സാഹചര്യമനുസരിച്ച് ഒരു മേഖലാ കമ്മിറ്റിക്ക് ഒരു വര്‍ഷത്തില്‍ രണ്ടു തവണയാണ് ഭക്ഷണം നല്‍കേണ്ട ചുമതല വരുന്നത്. ആ ചുമതല വളരെ ഭംഗിയായി തന്നെ കമ്മിറ്റികള്‍ ചെയ്യുന്നുമുണ്ട്.


ഇതിനിടെ നിരാലംബരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണമേകി പുതിയ ചരിത്രം കുറിച്ചഹൃദയപൂര്‍വ്വം പദ്ധതിയെപ്പറ്റി അടുത്തറിയാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രമുഖരായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രതിനിധി ഗ്രഡ് ജഫ് എത്തിയതും വാര്‍ത്തയായിരുന്നു. പ്രസ്തുത പദ്ധതിയെ സംഘടനാ മികവിന്റെ മികച്ച ഉദാഹരണമായിട്ടാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധി വിലയിരുത്തിയത്. കഴിഞ്ഞ എട്ടു മാസമായി മുടക്കമില്ലാതെ നടന്നു വരുന്ന ഉച്ചഭക്ഷണ വിതരണത്തിന് അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.

ഹൃദയപൂര്‍വ്വം പദ്ധതിയെ അത്ഭുതത്തോടെയാണ് ജഫും സംഘവും വീക്ഷിച്ചത്. അദ്ദേഹം വന്ന സമയത്ത് പദ്ധതി 250 ദിനങ്ങള്‍ കഴിഞ്ഞിരുന്നു. ഇത്രയും നാളുകള്‍ മുടക്കമില്ലാതെ നടത്തിയ പ്രസ്തുത പദ്ധതി അദ്ദേഹത്തിന്റെ ആശ്ചര്യത്തിന് ആഴംകൂട്ടിയിരുന്നു. ഹൃദയപൂര്‍വ്വം പദ്ധതി മാത്രമല്ല ഡിവൈഎഫ്ഐയുടെ രക്തദാന പദ്ധതിയായ മാനുഷവും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധിയെ അമ്പരപ്പിച്ച വസ്തുതയാണ്.

ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് കുറേയേറെ മാറ്റങ്ങള്‍ വരുത്തുവാനും ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റിക്കു ആലോചനയുണ്ടെന്നു ഐ സാജു പറഞ്ഞു. അതു മുന്നില്‍ക്കണ്ടുകൊണ്ട് സംഘടനയുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറി കൃഷിയും ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെ ഹൃദയപൂര്‍വ്വം പദ്ധതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കു വ്യാപിപ്പിച്ചു കഴിഞ്ഞു. 'ഈ ഒരു ജനകീയ പദ്ധതിയുടെ വിജയം എന്നു പറയുന്നത് അതിനായി വിയര്‍ക്കുന്ന പ്രവര്‍ത്തകരാണ്. ഇത്തരം ബൃഹത്തായ ഒരു പദ്ധതി വിജയിപ്പിച്ചതിന്റെ മുഴുവന്‍ ഖ്യാതിയും ഓരോ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും അവകാശപ്പെട്ടതാണ്. പദ്ധതിയുടെ വിജയം പ്രവര്‍ത്തകരുടെ വിജയമായിത്തന്നെ കണക്കാക്കണം'- ഐ സാജു വ്യക്തമാക്കി.


More from this Section

Highlights

  • ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിക്ക് ഒരു വയസ്സ്
  • പ്രതിദിനം വിതരണം ചെയ്യുന്നത് 7000ത്തിലധികം ഭക്ഷണപ്പൊതികള്‍