undefined

നന്ദിയുണ്ട്, ഉറങ്ങാതെ കാത്തിരുന്നവരോടും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോടും: ഡ്രൈവര്‍ തമീമും ജിന്റോയും സംസാരിക്കുന്നു

നന്ദിയുണ്ട്, ഉറങ്ങാതെ കാത്തിരുന്നവരോടും ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോടും: ഡ്രൈവര്‍ തമീമും ജിന്റോയും സംസാരിക്കുന്നു

Highlights

പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആറരമണിക്കൂര്‍ കൊണ്ടു ചരിത്രം സൃഷ്ടിച്ച ആംബുലൻസ് ഡ്രെെവർ തമീമും മെയിൽ നഴ്സ് ജിന്റോയും `ദ മെട്രോപൊളിറ്റൻ പോസ്റ്റി´നോടു സംസാരിക്കുന്നു

കേരളം ഉറങ്ങാതെ കാത്തിരുന്ന ദിനമായിരുന്നു ഇന്നലെ. ഹൃദയസംബന്ധമായി ഗുരുതരമായ രോഗം ബാധിച്ച നവജാത ശിശുവിനെ കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ സമയം വെളുപ്പിന് മൂന്നു മണി. ആറര മണിക്കൂര്‍ക്കൊണ്ട് ഈ ദൂരം ഓടിയെത്തുമ്പോള്‍ ആ ആംബുലന്‍സിന്റെ ഡ്രൈവര്‍ തമീമിന്റെയും മെയില്‍ നഴ്സ് ജിന്റോയുടെയും മനസ്സില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്.

വഴിനീളെ ജനക്കൂട്ടം അവരുടെ പ്രയാണത്തിന് കരുത്തേകി കാത്തു നിന്നിരുന്നു. ഒടുവില്‍ എസ്എടി ആശുപത്രിയുടെ മുന്നില്‍ ആംബുലന്‍സ് എത്തി നിന്നപ്പോള്‍ മറ്റാരേക്കാളും ആശ്വസിച്ചതും അവര്‍ തന്നെ. വളരെ സാഹസികം എന്നു തന്നെ വിളിക്കാവുന്ന ഒരു യാത്രയായിരുന്നു അത്. പക്ഷേ അതിനെ അങ്ങനെ വിളിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. തങ്ങളുടെ ഡ്യൂട്ടിയുടെ ഭാഗമായി മാത്രം ഈ ദൗത്യത്തെ കണ്ടുകൊണ്ട് അവര്‍ സന്തോഷത്തോടു കൂടി മടങ്ങിപ്പോകുകയാണ്.

അവിചാരിതമായി കൈവന്ന പ്രസ്തുത ദൗത്യത്തെക്കുറിച്ച് തമീമും ജിന്റോയും 'ദ മെട്രോപൊളിറ്റന്‍ പോസ്റ്റി'നോടു സംസാരിക്കുന്നു.

ഏകദേശം ആറരമണിയോടെയാണ് ഈ മിഷന്‍ സംബന്ധിച്ചു ഞങ്ങള്‍ക്കു അറിയിപ്പു കിട്ടിയതെന്ന് അവര്‍ പറഞ്ഞു. ആ സമയം കാസര്‍ഗോഡായിരുന്ന ഇരുവരും അപ്പോള്‍ത്തന്നെ പരിയാരത്തേക്കു തിരിച്ചു. ഏകദേശം ഏഴര മണിയോടെ പരിയാരത്ത് എത്തിയ ശേഷമാണ് മിഷന്റെ ഏകദേശ രൂപം വ്യക്തമാകുന്നത്. ജനിച്ചപ്പോള്‍ത്തന്നെ ഗുരുതരമായ ഹൃദയരോഗം ബാധിച്ചിരുന്ന, 51 ദിവസം മാത്രം പ്രായമായ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിക്കുകയെന്നുള്ളതായിരുന്നു ദൗത്യം. ഇതിനായി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത് റോഡ് യാത്രയായിരുന്നു. ആംബുലന്‍സില്‍ അടുത്തുള്ള കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ച് അവിടെ നിന്നും വിമാനം വഴി തിരുവനന്തപുരത്തെത്തിക്കാമെന്ന ആശയം പൊലീസ് മുന്നോട്ടു വച്ചുവെങ്കിലും ഡോക്ടര്‍മാര്‍ അതു നിരാകരിക്കുകയായിരുന്നു.

ഒരു നിമിഷം പോലും ഓക്സിജനില്ലാതെ കുട്ടിക്കു ജീവന്‍ പിടിച്ചുനിര്‍ത്താനാകില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആ അവസ്ഥയില്‍ വിമാനത്തിലോ ഹെലികോപ്ടറിലോ സഞ്ചരിക്കുന്നത് അപകടകരമാണെന്നും റോഡുമാര്‍ഗ്ഗം തന്നെയാണ് ഇതിനു നല്ലതെന്നും അവര്‍ അറിയിച്ചു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ പൊലീസ് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു മുന്നോട്ടു വരികയും ചെയ്തു. ഇതിനിടയില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമുമായി അധികൃതര്‍ ബന്ധപ്പെട്ടതനുസരിച്ച് അവരും രംഗത്തെത്തി. ഉടന്‍തന്നെ ഇതുമായി ബന്ധപ്പെട്ട വ്യക്തികളെ ചേര്‍ത്തു ഒരു വാട്സ് ആപ്പ് ഗ്രൂപ്പും പിറവിയെടുത്തു.

ദൗത്യത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയകളിലൂടെ മെസേജുകള്‍ പാഞ്ഞു. പല ചാനലുകളും ഫ്ളാഷ് ന്യുസുകള്‍ നല്‍കി. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ ഉറക്കം വെടിഞ്ഞ് അടുത്തുള്ള ഹൈവേ കടന്നുപോകുന്ന ടൗണുകളിലേക്കു പാഞ്ഞു. ആംബുലന്‍സ് കടന്നു പോകുന്ന വഴികള്‍ക്ക് അടുത്തുള്ള സ്റ്റേഷനുകളിലെ പൊലീസും രംഗത്തിറങ്ങി. രാത്രി ഏകദേശം 8.30 ഓടെ കുഞ്ഞിനെ കയറ്റിയ ആംബുലന്‍സ് പരിയാരത്തു നിന്നും തിരുവനന്തപുരം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു.

പൊലീസിന്റെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെയും പ്രവര്‍ത്തകര്‍ അപ്പോള്‍ത്തന്നെ ആംബുലന്‍സ് അടന്നുവരുന്ന ടൗണുകളില്‍ നിലയുറപ്പിച്ചിരുന്നു. ആംബുലന്‍സില്‍ നിന്നും വാട്സ്ആപ്പ് സന്ദേശങ്ങളും സ്ഥാനം നിര്‍ണ്ണയിച്ചുകൊണ്ടുള്ള ജിപിഎസ് സന്ദേശങ്ങളും ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്കു കൈമാറി പോകുന്നുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ടൗണുകളിലെ ഗതാഗതം നിയന്ത്രിച്ച് പൊലീസും പ്രവര്‍ത്തകരും വഴിയൊരുക്കി. അതുകൊണ്ടുതന്നെ ഇത്രയും ദൂരം യാത്ര ചെയ്തിട്ടും ഒരിടത്തുപോലും വാഹനത്തിന് തടസ്സമുണ്ടായിട്ടില്ലെന്നു തമീമും ജിന്റോയും പറയുന്നു.

ഇടയ്ക്ക് കുട്ടിയുമായി കടന്നുപോകുന്ന ആംബുലന്‍സ് സംഘത്തിന് അകമ്പടിപോകാന്‍ ചില സ്ഥലത്തു മറ്റു ആംബുലന്‍സുകള്‍ ശ്രമിച്ചിരുന്നു. ദൗത്യത്തെ ബാധിക്കുമെന്നതിനാല്‍ പൊലീസ് ഇടപെട്ട് ഇതു നിര്‍ത്തിവയ്ക്കുകയായിരുന്നു. രാത്രി 8.30 ന് ആരംഭിച്ച യാത്ര ആറര മണിക്കൂര്‍ സഞ്ചരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തുന്നതു വരയ്ക്കും എണ്ണയിട്ട യന്ത്രം പോലെ പൊലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും പൊതുജനങ്ങളും പ്രവര്‍ത്തിച്ചു. പുലര്‍ച്ചേ മൂന്നു മണിയോടെ എസ്എടി ആശുപത്രിയില്‍ കാത്തുനിന്ന ജനസഞ്ചയത്തിനു മുന്നിലേക്കു ആംബുലന്‍സ് എത്തിനിന്നപ്പോള്‍ മനസ്സില്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സന്തോഷം തോന്നിയെന്നും തമീമും ജിന്റോയും പറയുന്നു.

കാസര്‍ഗോഡ് അടുക്കത്തുവയല്‍ സ്വദേശിയാണ് ആംബുലന്‍സ് ഡ്രൈവറായ തമീം. ജിന്റോ കാഞ്ഞങ്ങാട് സ്വദേശിയും. ശത്രക്രിയ കഴിഞ്ഞ് കുഞ്ഞ് സുഖം പ്രാപിക്കുമ്പോള്‍ തങ്ങള്‍ ഒന്നുകൂടി അവളെ കാണാനെത്തുമെന്നു വാക്കു നല്‍കിയിട്ടാണ് അവര്‍ തീരിച്ചുപോകുന്നത്.

More from this Section

Highlights

പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആറരമണിക്കൂര്‍ കൊണ്ടു ചരിത്രം സൃഷ്ടിച്ച ആംബുലൻസ് ഡ്രെെവർ തമീമും മെയിൽ നഴ്സ് ജിന്റോയും `ദ മെട്രോപൊളിറ്റൻ പോസ്റ്റി´നോടു സംസാരിക്കുന്നു