undefined

ഇത് അഖില്‍; പത്തു കുരുന്നുകളുടെ ഭൂമിയിലേക്കുള്ള വരവിനെ തന്റെ കൈകളില്‍ ഏറ്റുവാങ്ങിയ ആംബുലന്‍സ് നഴ്‌സ്

ഇത് അഖില്‍; പത്തു കുരുന്നുകളുടെ ഭൂമിയിലേക്കുള്ള വരവിനെ തന്റെ കൈകളില്‍ ഏറ്റുവാങ്ങിയ ആംബുലന്‍സ് നഴ്‌സ്

Highlights

ജോലിക്കു കയറി അധികം നാളാകുന്നതിനു മുന്‍പേ തന്നെയാണ് അഖിലിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഫോണ്‍കോള്‍ വരുന്നത്. ഒരു നാലു വയസ്സുകാരി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിളിച്ചതായിരുന്നു അത്...

നിമിഷങ്ങള്‍ പോലും മണിക്കൂറുകളായി തോന്നുന്ന ഏകാന്തത. ആശുപത്രി വരാന്തയിലൂടെ അക്ഷമരായി അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നവര്‍. ഇടക്കിടെ നോക്കുന്ന ലേബര്‍ റൂം എന്നഴുതിയ ചെറിയൊരു ബോര്‍ഡ്. പിന്നാലെയെത്തുന്ന നനുത്ത തുണിക്കെട്ടിലെ കുഞ്ഞു കരച്ചില്‍ ഇങ്ങനെയെല്ലാമാണ് ഒരു കുഞ്ഞിന്റെ ജനനത്തെ വര്‍ഷങ്ങളായി നമ്മള്‍ സിനിമകളിലടക്കം കാണുന്നത്.

അങ്ങനെയല്ലാതെ നിമിഷങ്ങളെണ്ണി ആശങ്കയോടെയും കുറച്ച് പേടിയോടെയും അതിലുപരി സന്തോഷത്തോടെയും ഒരു കുഞ്ഞിനെ വരവേറ്റാലോ? അവിടെയാണ് ഈ കഥയുടെ ട്വിസ്റ്റ്. അഖിലെന്ന യുവാവിനാണ് ഇങ്ങനെ ഒന്നല്ല 10 കുഞ്ഞുങ്ങളെ ഭൂമിയിലേക്ക് വരവേല്‍ക്കാന്‍ നിയോഗമുണ്ടായിരിക്കുന്നത്. എന്താവാം ആ കുഞ്ഞിക്കണ്ണുകള്‍ പറയാതെ പറഞ്ഞിട്ടുണ്ടാവുക. ഓരോ കുഞ്ഞും പിറന്നു വീഴുന്നത് പ്രാര്‍ഥനാ നിര്‍ഭരമായ തന്റെ കൈകളിലേക്കാണെന്ന് അഖില്‍ പറയുന്നു.

കേരളത്തിന്റ തലസ്ഥാന നഗരിയില്‍ കല്ലറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനു കീഴിലോടുന്ന 108 ആംബുലന്‍സിലെ നഴ്‌സായ അഖിലാണ് ഇന്നു താരം. അടിയന്തിര ഘട്ടങ്ങളില്‍ സഹായത്തിനു വേണ്ടി വിളിക്കുന്നവരുടെ പ്രതീക്ഷകള്‍ ഇന്നു എത്തി നില്‍ക്കുന്നത് കൊല്ലം കടക്കല്‍ സ്വദേശിയായ 29 വയസ്സുള്ള ഈ യുവാവിലാണ്.

അഖിൽ


കടക്കല്‍ അറഫ കോളേജില്‍ നിന്നും നഴ്‌സിങ്ങില്‍ ഡിപ്ലോമയും, എമര്‍ജന്‍സി നഴ്‌സിങ്ങില്‍ പ്രാവീണ്യവും നേടിയ അഖില്‍ മെയില്‍ നഴ്‌സായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് 2011 ലാണ്. ദുരിതമനുഭവിക്കുന്നവരെയും, വേദനാജനകമായ ജീവിത സാഹചര്യങ്ങളില്‍ കൂടി കടന്നു പോകുന്നവരെയും ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും തന്റെ ജീവിതത്തിനൊരര്‍ഥം കൈവന്നത് ആദ്യമായി നെഞ്ചോട് ചേര്‍ത്ത കുഞ്ഞിനെ കണ്ടതുമുതലാണെന്ന് അഖില്‍ വ്യക്തമാക്കുന്നു.

ജോലിക്കു കയറി അധികം നാളാകുന്നതിനു മുന്‍പേ തന്നെയാണ് അഖിലിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഫോണ്‍കോള്‍ വരുന്നത്. ഒരു നാലു വയസ്സുകാരി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിളിച്ചതായിരുന്നു അത്. അമ്മയെ സഹായിക്കണം എന്നഭ്യര്‍ഥിച്ചുകൊണ്ടുള്ള ആ കൊച്ചു കുഞ്ഞിന്റെ ഫോണ്‍ സന്ദേശം ലഭിച്ച് കുറച്ചു നേരത്തിന് ശേഷം വീട്ടിലെത്തിയപ്പോള്‍ പ്രസവമടുത്ത ആ കുഞ്ഞിന്റെ അമ്മയെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റാനാകാത്ത നിലയിലായിരുന്നുവെന്നും അഖില്‍ ഓര്‍ക്കുന്നു. തല ഭാഗം പുറത്തേക്ക് വന്ന ആ കുഞ്ഞിനെയും അമ്മയെയും പ്രസവമെടുത്തതിനു ശേഷമാണ് അഖിലടക്കമുള്ളവര്‍ പിന്നീട് സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുന്നത്.

ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നാണ് തനിക്ക് അധികവും കോളുകള്‍ വരുന്നതെന്ന് അഖില്‍ പറയുന്നു. ഏറ്റവും അടുത്ത ആശുപത്രി അകലെയായിരിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം പരി പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് സമയമെന്നും ഈ യുവാവ് പറയുന്നു. 2014 ല്‍ ഇത്തരത്തില്‍ ഉണ്ടായ മറ്റൊരു ആകസ്മികമായ സംഭവത്തെ അഖില്‍ ഓര്‍മ്മിച്ചെടുക്കുന്നു. പ്രസവവേദനയില്‍ പുളയുന്ന ഒരു സ്ത്രീയെയും കൊണ്ട് ആശുപത്രിയിലേക്കു പോകുന്ന വഴി വെഞ്ഞാറമൂട് ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സിലുണ്ടായിരുന്ന യുവതി പ്രസവിക്കുകയും ഇതേ യുവതി 2016 ല്‍ മറ്റൊരു കുഞ്ഞിനു ജന്‍മമേകാന്‍ ദൈവ നിയോഗമെന്ന പോലെ ഇതേ ആംബുലന്‍സിലെത്തുകയും അഖിലിന്റെ മേല്‍നോട്ടത്തില്‍ രണ്ടാമതൊരു കുഞ്ഞിനു ജന്‍മമേകുകയും ചെയ്തു. ഇത്തരമൊരു അനുഭവം തന്റെ ജീവിതത്തില്‍ മറക്കാനാകാത്തതാണെന്ന് അഖില്‍ ഓര്‍മ്മിക്കുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ചുരുക്കം ചിലര്‍ താനൊരു ആണായതുകൊണ്ടു മാത്രം സഹായം നിഷേധിച്ചിട്ടുണ്ടെന്ന് അഖില്‍ വ്യക്തമാക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇത്തരത്തില്‍ ഒരു യുവതി തന്റെ സഹായം നിഷേധിച്ചതായും പിന്നീട് അപകടാവസ്ഥയിലായ കുഞ്ഞിനെ ഐ സി യു വിലടക്കം പ്രവേശിപ്പിക്കേണ്ടി വന്ന സ്ഥിതി ഉണ്ടായതായും അഖില്‍ പറഞ്ഞു.

ഈ സമൂഹത്തോടും അഖിലിനു ചിലത് പറയുവാനുണ്ട്, താനടക്കമുള്ളവര്‍ നഴ്‌സായി വരുന്നത് ഈ ജോലിയോട് നൂറു ശതമാനം ആത്മാര്‍ഥത ഉള്ളതുകൊണ്ടാണ്. പ്രസവസമയത്ത് ലഭിക്കുന്ന വിദഗ്ധരായ നഴ്‌സുകളുടെ സേവനം എല്ലാവരും പ്രയോജനപ്പെടുത്തുക. അല്ലാതെ നഴ്‌സ് ആണോ പെണ്ണോ എന്ന് നോക്കി ഒരു കുഞ്ഞു ജീവിതം വച്ച് വിലപ്പെട്ട സമയത്തെ പാഴാക്കല്ലെന്നും അഖില്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

More from this Section

Highlights

ജോലിക്കു കയറി അധികം നാളാകുന്നതിനു മുന്‍പേ തന്നെയാണ് അഖിലിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു ഫോണ്‍കോള്‍ വരുന്നത്. ഒരു നാലു വയസ്സുകാരി സഹായം അഭ്യര്‍ഥിച്ചുകൊണ്ട് വിളിച്ചതായിരുന്നു അത്...