undefined

ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും ട്യൂമര്‍ ബാധിച്ച് മരണം മുന്നില്‍ കാണുന്ന മകളേയും ചേര്‍ത്തു പിടിച്ച് പകച്ചു നില്‍ക്കുകയാണ് ഒരു വൃക്കയില്‍ ജീവിതം തള്ളി നീക്കുന്ന ഈ അമ്മ

ക്യാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും ട്യൂമര്‍ ബാധിച്ച് മരണം മുന്നില്‍ കാണുന്ന മകളേയും ചേര്‍ത്തു പിടിച്ച് പകച്ചു നില്‍ക്കുകയാണ് ഒരു വൃക്കയില്‍ ജീവിതം തള്ളി നീക്കുന്ന ഈ അമ്മ

Highlights

  • എനിക്ക് പറയാന്‍ സ്വന്തമായി ഒരു വീടില്ലെന്ന് നൊമ്പരത്തോടെ പറഞ്ഞു തുടങ്ങിയ പത്മജാ ദേവി എന്ന അമ്മയുടെ വാക്കുകള്‍ക്ക് ആരുടെയും ഉള്ളുലക്കാന്‍ പോകുന്ന നൊമ്പരത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്
  • ഭര്‍ത്താവ് മോഹനന്‍ നായരും ഏക മകള്‍ നീതുവും വേദനകളും മാത്രമാണ്പ ഇന്ന് പത്മത്തിനും കുടുംബത്തിനും കൂട്ടായുള്ളത്

എന്റെയോ നിന്റയോ നൊമ്പരങ്ങളുടെ കണക്കെടുത്താല്‍ എത്ര വരും? ഉള്ളുപൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നതുവരെ അതത്രയും വെറും മായക്കാഴ്ചകളായിരിക്കും നമ്മുക്ക്. മരിക്കാനാകാത്തതിനാല്‍ ജീവിക്കുന്നു എന്ന് നിര്‍വികാരതയോടെ പറയേണ്ടി വരുന്ന മനുഷ്യജന്‍മങ്ങളുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? എടുത്താല്‍ പൊങ്ങാത്ത ജീവിത ഭാണ്ഡവും പേറി ഇവരിങ്ങനെ മുന്നില്‍ നിന്നാല്‍ മറ്റുള്ളതെല്ലാം ശൂന്യതയിലലിഞ്ഞ് ഇല്ലാതാവും, അത്രക്കുണ്ട് ഇവരെല്ലാം സഹിക്കേണ്ടി വരുന്ന ദുരിതങ്ങള്‍.

ജീവിതത്തിൽ എല്ലാ വഴികളും അടഞ്ഞ് വിധിയുടെ മുന്നിൽ പകച്ച് നിൽക്കുകയാണ് ഇതുപോലൊരു കുടുംബം. ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ലെന്ന് നൊമ്പരത്തോടെ പറഞ്ഞു തുടങ്ങിയ പത്മജാ ദേവി എന്ന അമ്മയുടെ വാക്കുകള്‍ക്ക് ആരുടെയും ഉള്ളുലക്കാന്‍ പോകുന്ന നൊമ്പരത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്. ഭര്‍ത്താവ് മോഹനന്‍ നായരും ഏക മകള്‍ നീതുവും വേദനകളും മാത്രമാണ് ഇന്ന് പത്മജത്തിനും കുടുംബത്തിനും കൂട്ടായുള്ളത്.

2013 ലാണ് മകളെ ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന തലവേദനയും കൂടെ നിര്‍ത്താത്ത ഛര്‍ദ്ദിയുമായി ആശുപത്രിയിലേക്ക് പത്മജയും ഭര്‍ത്താവ് മോഹനന്‍ നായരും എത്തുന്നത്. ഒരു പാരസിറ്റാമോളില്‍ തീര്‍ക്കാന്‍ എന്നും ശ്രമിച്ചിരുന്ന നിസാരക്കാരനായ തലവേദന അന്നാണ് ആ കുടുംബത്തെ തകര്‍ക്കാന്‍ തക്ക വിധം വലുതായത്. തലച്ചോറില്‍ രക്തകുഴലുകളെ ബാധിക്കുന്ന ട്യൂമറാണ് മകള്‍ക്ക് എന്നറിഞ്ഞ നിമിഷം മരണത്തെ മാത്രമാണ് താന്‍ സ്വപ്നം കണ്ടതെന്ന് പത്മജ വിതുമ്പലോടെ പറയുന്നു.

'കാര്യമായ വിദ്യാഭ്യാസം ലഭിക്കാത്ത എനിക്കോ എന്റെ ഭര്‍ത്താവിനോ ഇതിനെക്കുറിച്ച് അത്ര വലിയ ധാരണകളൊന്നും ഇല്ലായിരുന്നു.' പത്മജ പറയുന്നു. പക്ഷേ മകളെ മരണത്തിന് വിട്ട് കൊടുക്കില്ല അതിനായി തങ്ങള്‍ക്കാവുന്ന എന്ത് ജോലി ചെയ്തും മകളെ സംരക്ഷിക്കും എന്ന് കൂലിപ്പണിക്കാരനായ അച്ഛന്‍ മോഹനനും കൂലിപ്പണിക്കാരനായ നീതുവിന്റെ ഭര്‍ത്താവ് രജനീഷും തീരുമാനമെടുത്തതോടെ ഏത് വിധേനയും ആകെയുള്ള മകളായ നീതുവിനെയും കൊണ്ട് ജീവിക്കാനുറപ്പിച്ചാണ് ആ കുടുംബം അന്ന് ആശുപത്രിയുടെ പടിയിറങ്ങിയത്.

ഇടക്കിടെ വരുന്ന ഫിറ്റ്‌സും ഛര്‍ദ്ദിയും നീതുവിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. പാറശാലയിലുള്ള ഒരു ആശുപത്രിയില്‍ തൂപ്പു ജോലിക്കാരിയായ താന്‍ മകളുടെ ചികിത്സക്കും മകളുടെ മകനായ 9 വയസുകാരന്‍ അര്‍ജുന്റെ കാര്യങ്ങൾ നോക്കിനടത്താനും ഒരുപാട് കഷ്ടപ്പെട്ടതായി പത്മജ പറയുന്നു. 16 വര്‍ഷങ്ങള്‍ക്കു മുമ്പാണ് പത്മജത്തിന്റെ ഒരു കിഡ്‌നി നീക്കം ചെയ്തത്.

നീതു കാര്യമായി ഒന്നും കഴിക്കുന്നില്ലെന്ന പരാതി രജനീഷ് പതിവായി പറഞ്ഞു തുടങ്ങിയപ്പോഴാണ് പത്മജ മകളെയും കൂട്ടി വീണ്ടും ആശുപത്രിയിലെത്തിയത്. ചെറിയൊരു മുഴയാണെന്നും കാര്യമാക്കേണ്ടെന്നും മുമ്പ് ആശുപത്രിക്കാർ പറഞ്ഞു വിട്ട ആ മുഴ ഇന്ന് വളര്‍ന്ന് മകള്‍ക്ക് വാ തുറന്ന് നന്നായി സംസാരിക്കാന്‍ പോലും ആകാത്ത വിധവും, പറയുന്ന കാര്യങ്ങള്‍ അവ്യക്തമായി മാത്രം പുറത്തേക്ക് വരുന്ന ഒരവസ്ഥയിലും എത്തിയതായി പത്മം നൊമ്പരത്തോടെ പറയുന്നു. ഫിറ്റ്‌സ് വരാതെ നോക്കാനായി ദിനവും രണ്ടുനേരം 1000, 1500 മി. ഗ്രാം വരുന്ന ഗുളികകളാണ് നീതു കഴിക്കുന്നത്. ഇതല്ലാതെ മറ്റ് മരുന്നുകളും ആശുപത്രി ചെലവുകള്‍ വേറെയും.

എങ്ങനെയെങ്കിലും ജീവിതം ഉന്തി തള്ളി നീക്കുന്നതിനിടയിലാണ് വിധി അടുത്ത പ്രഹരവുമായി ഇവരെ തേടി എത്തുന്നത്. പത്മജത്തിന്റെ ഭര്‍ത്താവ് മോഹനന്‍ നായര്‍ക്ക് ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് വന്നതോടെ തിരുവനന്തപുരം ആര്‍സിസി.യില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു സംഭവം. രോഗ നിര്‍ണ്ണയത്തിനൊടുവില്‍ അന്നനാളത്തില്‍ കാന്‍സറാണെന്ന് കണ്ടെത്തി. കൃത്യമായി വീട് നോക്കിയിരുന്ന ഭര്‍ത്താവിപ്പോള്‍ തീര്‍ത്തും അവശനും പ്രാഥമിക കാര്യങ്ങള്‍ പോലും സ്വയം നടത്താന്‍ വയ്യെന്ന അവസ്ഥയിലുമാണുള്ളതെന്ന് പത്മജ പറയുന്നു.

എന്നേ വിധി അടർത്തിയെടുത്ത ഒരു കിഡ്നി മാത്രമുള്ള തനിക്ക് കാന്‍സര്‍ രോഗിയായ ഭര്‍ത്താവിനെയും മകളെയും എത്ര നാൾ ചേര്‍ത്ത് പിടിക്കുവാന്‍ കഴിയുമെന്നാണ് പത്മജ ചോദിക്കുന്നത്. 20 വര്‍ഷമായി വാടക വീടുകളില്‍ കഴിയുന്ന തനിക്കും കുടുംബത്തിനും മരിക്കുന്നതിനു മുന്‍പെങ്കിലും സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് പത്മജ ആഗ്രഹിക്കുന്നത്. മാത്രമല്ല മകളെയും ഭര്‍ത്താവിനെയും ചികിത്സിക്കാനുള്ള സഹായവും പ്രതീക്ഷിക്കുന്നെന്ന് പത്മജ പറയുന്നു.

ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് തിരുവന്തപുരത്തുള്ള ഹെല്‍പ്പിംങ് ഹാര്‍ട്സ് എന്ന സംഘടന വഴിയും കാനറാ ബാങ്കു വഴിയുമാണെന്ന് പത്മജ പറയുന്നു. ഇതാദ്യമായല്ല ഹെൽപ്പിംഗ് ഹാർട്സ് എന്ന സംഘടന ആശ്വാസത്തിന്റെ കരങ്ങളുമായി എത്തുന്നത്. രണ്ടു വർഷത്തോളമായി ശ്രീ അവിട്ടം തിരുനാൾ ആശുപത്രിക്ക് മുന്നിൽ എല്ലാ ഞായറാഴ്ചകളിലും 250 പേർക്ക് ഇവർ അന്നദാനം നടത്തുന്നുണ്ട്. ഈ വർഷം മുതൽ എല്ലാ ആഴ്ചയും പാവപ്പെട്ട ഒരാൾക്ക് 2500 രൂപ ചികിത്സാ സഹായമായി നൽകുന്ന പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. 20 രൂപ കൂപ്പണുകൾ വിറ്റഴിച്ചും സംഘടനയിലെ 250 ഓളം വരുന്ന അംഗങ്ങൾ സ്വന്തം നിലക്ക് പണം മുടക്കിയും വ്യക്തികൾ മനസറിഞ്ഞ് നൽകുന്ന തുക സ്വീകരിച്ചുമാണ് ഈ സംഘടന മുന്നോട്ടു പോകുന്നതെന്ന് സംഘടനയുടെ പ്രവർത്തകരായ പ്രതീഷ് മുതിയവിള, വിപിൻ നായർ എന്നിവർ പറയുന്നു.

ഹെല്‍പ്പിംങ് ഹാര്‍ട്സ് സമാഹരിച്ച പണവും പത്മജത്തിനും മോഹനന്‍ നായര്‍ക്കും കൈമാറിയിട്ടുണ്ട്. ഭാരിച്ച ചെലവുകള്‍ക്കിടയില്‍ ഇതൊരു കൈത്താങ്ങാണെന്ന് പത്മജ പറഞ്ഞു . എങ്കിലും ഇനിയും ഭീമമായ തുക ഭർത്താവിനും മകള്‍ക്കുമായി കണ്ടെത്തേണ്ടതുണ്ട്.

എസ്ബിഐ, A/c no. 20138263715, IFSC code- SBIN-0010707, ബ്രാഞ്ച് - മെഡിക്കൽ കോളേജ് എന്ന ബാങ്ക് അക്കൗണ്ടിൽ ഇവർക്കായുള്ള സഹായം നൽകാവുന്നതാണ്.

More from this Section

Highlights

  • എനിക്ക് പറയാന്‍ സ്വന്തമായി ഒരു വീടില്ലെന്ന് നൊമ്പരത്തോടെ പറഞ്ഞു തുടങ്ങിയ പത്മജാ ദേവി എന്ന അമ്മയുടെ വാക്കുകള്‍ക്ക് ആരുടെയും ഉള്ളുലക്കാന്‍ പോകുന്ന നൊമ്പരത്തിന്റെ കഥയാണ് പറയാനുണ്ടായിരുന്നത്
  • ഭര്‍ത്താവ് മോഹനന്‍ നായരും ഏക മകള്‍ നീതുവും വേദനകളും മാത്രമാണ്പ ഇന്ന് പത്മത്തിനും കുടുംബത്തിനും കൂട്ടായുള്ളത്