undefined

കുടിനീരാണ്, അത് ആദരവ് അര്‍ഹിക്കുന്നു: ദിവസങ്ങള്‍ക്കു ശേഷം തങ്ങളെ തേടിയെത്തിയ ജലത്തിനു മുന്നില്‍ സ്രാഷ്ടാംഗം പ്രണമിച്ച് തമിഴ് കര്‍ഷകര്‍

കുടിനീരാണ്, അത് ആദരവ് അര്‍ഹിക്കുന്നു: ദിവസങ്ങള്‍ക്കു ശേഷം  തങ്ങളെ തേടിയെത്തിയ ജലത്തിനു  മുന്നില്‍ സ്രാഷ്ടാംഗം പ്രണമിച്ച്  തമിഴ് കര്‍ഷകര്‍

Highlights

ജലത്തിന്റെ വിലയറിഞ്ഞ തമിഴ് ജനത താണു വണങ്ങി, പാദ രക്ഷ ഊരിവച്ച് ജലത്തെ നമസ്‌കരിക്കുന്ന കാഴ്ച്ച ഇങ്ങ് കേരളത്തില്‍ ഉള്ള നമ്മളും ഒന്ന് കാണേണ്ടതാണ്. വെറുതെ മൈക്കിന് മുന്നില്‍ ജലം അമൂല്യമാണ് എന്ന് പറയുകയും സ്വന്തം വീട്ടിലൊരു കുഴല്‍ കിണര്‍ കുത്താന്‍ കൊതിക്കുന്ന നമ്മളില്‍ പലരും നാളെയെക്കുറിച്ചും മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളെക്കുറിച്ചും സൗകര്യ പൂര്‍വ്വം മറക്കുന്നു...

കുളിക്കാന്‍ സോപ്പു തേച്ച് കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ ഫ്‌ളാറ്റില്‍ വെള്ളം തീര്‍ന്നു പോകുന്നതും, ഹര്‍ത്താലുകളില്‍ കുരുങ്ങി ചുരുങ്ങിയ നേരത്തേക്ക് കിട്ടാതാവുന്നതുമല്ല യഥാര്‍ഥ ജല ദൗര്‍ലഭ്യം. വരണ്ടു പോയ ചുണ്ടുകളും, മുലപ്പാലു പോലും വറ്റിയ ചുരത്താത്ത മാറിടങ്ങളുമൊക്കെയാണ് അതിന്റെ രക്തസാക്ഷികള്‍.

വരണ്ട മണ്ണിലൂടെ ആര്‍ത്തലച്ച് വരുന്ന വെള്ളത്തെ ആഞ്ഞു പുല്‍കുന്ന മണ്ണിനോടൊപ്പം തൊട്ട് നമസ്‌കരിച്ചും കൈക്കുമ്പിളില്‍ കോരിയെടുത്തും തമിഴ് ജനത ആഹ്ലാദ തിമിര്‍പ്പോടെ കര കയറിപ്പോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നെഞ്ചേറ്റിയിരിക്കുന്നത്. കണ്ണകി ശാപം ഉഗ്രമായതിനാലോ എന്തോ ഇന്നും തമിഴ് മക്കളുടെ തലക്ക് മേല്‍ ആ ശാപം വെയിലായി നിറഞ്ഞ് നില്‍ക്കുകയാണ്. അതിനാലാവണം ഓരോ തുള്ളിയും തമിഴ് മക്കള്‍ക്ക് ഉയിരിനോളം വലുതാണ്.

ജലത്തെ ഇത്രമാത്രം ആരാധിക്കാന്‍ എന്തുണ്ട് എന്ന് കരുതുന്നവരും നമുക്കിടയില്‍ ഉണ്ടാകാം. അത് ചുറ്റുപാടുകളിലേക്കുമുള്ള നമ്മുടെ മനസ്സിനെയും കണ്ണിനെയും മൂടിക്കെട്ടി നാമിരുട്ടില്‍ ജീവിച്ചിട്ടാണ്. ചുരുങ്ങിയ സമയം മാത്രമുള്ള ഈ വീഡിയോ ദൃശ്യം എല്ലാവര്‍ക്കും നല്‍കുന്നത് എത്ര വലിയ സന്ദേശമാണ് എന്ന് കണ്ണ് തുറന്ന് കാണുക.

ജലത്തിനായി ടാങ്കര്‍ ലോറികള്‍ക്ക് മുന്നില്‍ കുടവുമായി ഇടി നടത്തുന്ന പെണ്ണുങ്ങളും, നിരന്നിരിക്കുന്ന നാനാ വര്‍ണ്ണങ്ങളിലുള്ള ഒഴിഞ്ഞ കുടങ്ങളും തമിഴ് നാട്ടിലങ്ങോളം ഇങ്ങോളം കണ്ടു വരുന്ന പതിവ് കാഴ്ച്ചയാണ്. ജലത്തിന്റെ വിലയറിഞ്ഞ തമിഴ് ജനത താണു വണങ്ങി, പാദ രക്ഷ ഊരിവച്ച് ജലത്തെ നമസ്‌കരിക്കുന്ന കാഴ്ച്ച ഇങ്ങ് കേരളത്തില്‍ ഉള്ള നമ്മളും ഒന്ന് കാണേണ്ടതാണ്. വെറുതെ മൈക്കിന് മുന്നില്‍ ജലം അമൂല്യമാണ് എന്ന് പറയുകയും സ്വന്തം വീട്ടിലൊരു കുഴല്‍ കിണര്‍ കുത്താന്‍ കൊതിക്കുന്ന നമ്മളില്‍ പലരും നാളെയെക്കുറിച്ചും മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളെക്കുറിച്ചും സൗകര്യ പൂര്‍വ്വം മറക്കുന്നു.

15 വര്‍ഷങ്ങളോളം പുറകോട്ട് പോയാല്‍ 40 അടി താഴ്ത്തി വെള്ളം കണ്ടെത്തിയിരുന്ന കേരളത്തിലിന്ന് മണ്ണിന്റെ മാറിലേക് ബോര്‍വെല്‍ വെള്ളത്തിനായി താഴ്ത്തുന്നത് എത്രയാണ് കുടിവെള്ളം ബോര്‍വെലുകള്‍ വഴി സ്വന്തം വീട്ടു മുറ്റത്തേക്ക് വഴി തിരിച്ച് വിടുന്ന നമ്മള്‍ പ്രകൃതി വിഭവങ്ങള്‍ ജീവ ജാലങ്ങള്‍ക്കെല്ലാം അവകാശപ്പെട്ടതാണെന്ന കാര്യം മറന്നു പോയിട്ട് കാലമെത്രയായി. തൊടിയിലെ തവളയും, ഉത്തരത്തിലെ പല്ലിയും പരിഭവവുമായി വരാതിരിക്കുന്നതിനാല്‍ മനുഷ്യന് തീറെഴുതി കൊടുത്തതാണ് ജലമെന്ന് അഹങ്കരിക്കുന്നവരും , ജലത്തെ പാഴാക്കി കളയുന്നവരും ഈ വീഡിയോ രണ്ട് വട്ടം കാണുക, ഇത് വെള്ളത്തിനായി വേഴാമ്പലിനെപ്പോലെ കേഴുന്ന നാമടങ്ങുന്ന ഭൂമിയിലെ മക്കളാണ്. കോവിലില്‍ വണങ്ങുന്ന ദൈവത്തിന് തുല്യമാണ് ജലം ഇവര്‍ക്ക്.

പ്യൂരിഫൈ ചെയ്ത വെള്ളം മാത്രമേ കുടിക്കൂ എന്ന് ദൃഡ പ്രതിഞ്ജ ചെയ്യുമ്പോള്‍ ഓര്‍ക്കുക 3 ലിറ്ററോളം വെള്ളത്തില്‍ നിന്നേ ഒരു ലിറ്റര്‍ വെള്ളം എങ്കിലും ലഭിക്കൂ എന്നും പാഴാക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും ഓര്‍മ്മിക്കുക, നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നൊക്കെ പറഞ്ഞ് അടുത്ത തലമുറക്ക് കൊടുക്കണമെങ്കിലും വേരില്‍ വെള്ളമിറങ്ങി കായ്ക്കാന്‍ നെല്ലി മരവും കഴിച്ചാല്‍ നുണഞ്ഞിറക്കാന്‍ ഇത്തിരി വെള്ളവും അടുത്ത തലമുറക്ക് ബാക്കി വയ്ക്കാന്‍ നാം മറക്കരുത്.

More from this Section

Highlights

ജലത്തിന്റെ വിലയറിഞ്ഞ തമിഴ് ജനത താണു വണങ്ങി, പാദ രക്ഷ ഊരിവച്ച് ജലത്തെ നമസ്‌കരിക്കുന്ന കാഴ്ച്ച ഇങ്ങ് കേരളത്തില്‍ ഉള്ള നമ്മളും ഒന്ന് കാണേണ്ടതാണ്. വെറുതെ മൈക്കിന് മുന്നില്‍ ജലം അമൂല്യമാണ് എന്ന് പറയുകയും സ്വന്തം വീട്ടിലൊരു കുഴല്‍ കിണര്‍ കുത്താന്‍ കൊതിക്കുന്ന നമ്മളില്‍ പലരും നാളെയെക്കുറിച്ചും മനുഷ്യനൊഴികെയുള്ള ജീവജാലങ്ങളെക്കുറിച്ചും സൗകര്യ പൂര്‍വ്വം മറക്കുന്നു...