undefined

മൂന്നാര്‍ യാത്രയ്ക്ക് ഇനി ഒരു കാരണം കൂടി; കട്ടന്‍ചായയുടെ 40 വ്യത്യസ്ത രുചികളുമായി മൂന്നാറില്‍ 'ടീ കപ്‌സ്' തുറന്നു

മൂന്നാര്‍ യാത്രയ്ക്ക് ഇനി ഒരു കാരണം കൂടി; കട്ടന്‍ചായയുടെ 40 വ്യത്യസ്ത രുചികളുമായി മൂന്നാറില്‍ ടീ കപ്‌സ് തുറന്നു

Highlights

സ്‌ട്രോങ് കട്ടനും ലൈറ്റ് കട്ടനും മാത്രം കണ്ടു പരിചയിച്ച ഏവര്‍ക്കും രുചിക്കൂട്ടിന്റെ പുതിയ താവളമായ ടീ കപ്‌സ് നല്‍കുന്നത് ഒന്നിനൊന്ന് മെച്ചമായ 40 തരത്തിലുള്ള കട്ടന്‍ ചായയാണ്...

കുളിരും കോടമഞ്ഞും വാരിപുണരുന്ന, മണ്ണും മരങ്ങളും മാടിവിളിക്കുന്ന ഭൂമിയിലെ സ്വര്‍ഗമാണ് ഇടുക്കി. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലക്കാടുകളും, കാട്ടരുവിയും കാട്ടാറും കഥ പറയുന്ന ഇടുക്കിയിലേക്ക് വിരുന്നിനെത്താറുള്ളവരില്‍ സാഹസിക പ്രിയരും, ഉല്ലാസ യാത്രക്ക് വരുന്നവരും, പുതുമോടിയുടെ മണം മാറാത്ത നവ ദമ്പതികളും എല്ലാം ഉണ്ട്.

ഇനി ആര് അടിമാലി വഴി മൂന്നാറിലേക്കോ പരിസര പ്രദേശങ്ങളിലേക്കോ യാത്ര വന്നാല്‍, ഓടി മറയുന്ന കാഴ്ച്ചകളും, കുളിര് പുതച്ചുറങ്ങുന്ന തോട്ടങ്ങളും ഒക്കെ പിന്നിട്ട് കുത്തനെയുള്ള കയറ്റിറക്കങ്ങളും താണ്ടി വെറും 9 കിലോമീറ്റര്‍ സഞ്ചരിച്ച് ഇരുട്ടുകാനമെന്ന പ്രദേശത്തെത്തിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് കിടിലനൊരു സര്‍പ്രൈസാണ്. കോട മഞ്ഞിന്റെ നനുത്ത കുളിരുമുള്ളിലേന്തി യാത്ര തിരിക്കുന്ന നിങ്ങളെ കാത്ത് ചെറു ചൂടോടെ ജനുവരി പതിനഞ്ച് മുതല്‍ ഗാംഭീര്യത്തോടെ വഴിയരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ടീ കപ്‌സെന്ന ബോര്‍ഡാണത്.

ഇനി വെറുമൊരു ചായ കുടിക്കാന്‍ ഈ കണ്ട ബോര്‍ഡൊക്കെ വായിക്കണോ എന്ന് ചിലര്‍ക്കൊക്കെ തോന്നാം. എന്നാല്‍ ഒരിക്കല്‍ വന്നാല്‍ വീണ്ടും വീണ്ടും നിങ്ങളിവിടെ വരാന്‍ കൊതിക്കുമെന്നുറപ്പാണ്. അപ്പോള്‍ ഇനി നമ്മളാദ്യം പറഞ്ഞ സര്‍പ്പൈസ് എന്താണെന്ന് നോക്കാം. കട്ടന്‍ ചായയാണിവിടത്തെ ഹൈലൈറ്റ്. അതും ഒന്നും രണ്ടുമല്ല, നീണ്ട 40 തരത്തിലുള്ള വ്യത്യസ്തമാര്‍ന്ന ചായകള്‍. ഇടുക്കിയുടെ ആത്മാവിനെ തൊട്ടറിയാന്‍ ചൂടുള്ള ഒരു കട്ടന്‍ തന്നെ വേണം അതിപ്പോ മീശപ്പുലിമലയിലോട്ടായാലും, ചൊക്ര മുടിക്കായാലും കട്ടനാണ് ഇടുക്കിക്കാര്‍ക്ക് കൂട്ട്.ഇടുക്കിയില്‍ മറ്റെങ്ങും ഇത്തരത്തില്‍ ഒരു കട്ടന്‍ കിട്ടുന്നയിടമില്ല. സ്‌ട്രോങ് കട്ടനും ലൈറ്റ് കട്ടനും മാത്രം കണ്ടു പരിചയിച്ച ഏവര്‍ക്കും രുചിക്കൂട്ടിന്റെ പുതിയ താവളമായ ടീ കപ്‌സ് നല്‍കുന്നത് ഒന്നിനൊന്ന് മെച്ചമായ 40 തരത്തിലുള്ള കട്ടന്‍ ചായയാണ്. ഇത്തരമൊരു കിടിലന്‍ ആശയത്തിന്റെ ജനനം മേഘാനന്ദ് ടി എസ്, എല്‍ദോസ് സക്കറിയ, രാജേഷ് എംജി എന്നിവരുടെ തലയിലാണ്. എംബിഎ കഴിഞ്ഞ് സുഹൃത്തുക്കളായ ഈ മൂന്നു പേരും വീഡിയോകോണ്‍ കമ്പനിയില്‍ മികച്ച ജോലി നേടിയവരാണ്. അമരക്കാരായി മൂന്ന് പേരുണ്ടെങ്കിലും മേഘാനന്ദും, എംസിഎ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ഭാര്യ ചിത്ര ജ്യോതിയും തങ്ങളുടെ ജോലി രാജിവയ്ച്ച് ഇന്നിതിന്റെ മുഴുവന്‍ സമയ മേല്‍നോട്ടക്കാരായി ടീ കപ്‌സില്‍ ഉണ്ട്. ഇവിടെ നിസി എന്ന ചെറുപ്പക്കാരനാണ് 40 തരം ചായകള്‍ തയ്യാറാക്കുന്ന വ്യത്യസ്തനായ ടീ മേക്കര്‍. ഈ മൂന്നാറുകാരന്റെ ചായ കുടിച്ചാല്‍ മനസിലാകും ഇടുക്കിയിലെ തേയിലയുടെയും, കൈപ്പുണ്യത്തിലൂടെയും തയ്യാറാവുന്ന ചായകള്‍ രുചിയില്‍ നമ്മെ വീഴ്ത്തിയിട്ടേ പോകൂയെന്ന്.

അതിശയപ്പത്തിരി മുതല്‍ മുട്ട മാലയും തനത് മലബാറിയായ കിളിക്കൂടുമെല്ലാം ഇവിടൊരുങ്ങുന്നത് ചിത്ര ജ്യോതിയുടെ മേല്‍ നോട്ടത്തിലാണ്. ഇനി ടീ കപ്‌സിലേക്ക് കയറുന്നവരുടെ കണ്ണിലുടക്കുക വ്യത്യസ്തമായ അതിന്റെ ഉള്‍ത്തളങ്ങളാണ്. വിശാലമായ മുറിക്ക് പുറത്തും അകത്തും പ്രകൃതി സൗന്ദര്യത്തിനും പരിപാലനത്തിനും ഇവര്‍ സമയം നല്‍കുന്നു. കണ്ണടിച്ച് പോകുന്ന തരം നിറങ്ങളും അലങ്കോല പണികളും ഒഴിവാക്കി ലാളിത്യത്തോടെയും പ്രകൃതിയോടിണങ്ങിയും തീര്‍ത്തിരിക്കുന്ന ടീ കപ്‌സില്‍ സ്വദേശികളും വിദേശികളും ഒരു പോലെ തങ്ങളുടേതായൊരിടം കണ്ടെത്തുന്നു.

ഇടുക്കി കാണാന്‍ വരുന്നവര്‍ തീര്‍ച്ചയായും 40 തരം രുചി വൈവിധ്യങ്ങള്‍ അറിയാനായി ഇനി മുതല്‍ ടീ കപ്‌സിലെത്തുക. സഞ്ചാരികള്‍ക്ക് പ്രകൃതിയോടിണങ്ങി യാത്ര ചെയ്യാന്‍ സൈക്കിളുകളും, വായനയെ േെനഞ്ചറ്റുന്നവര്‍ക്ക് പുസ്തകങ്ങളും ടീ കപ്‌സിന്റെ സാരഥികള്‍ ഒരുക്കിയിട്ടുണ്ട്. രുചി പെരുമ മാത്രമല്ല അറിവിന്റെ വാതായനങ്ങളാകാനും ടീ കപ്‌സിനു മാറാന്‍ കഴിയുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യകത. പഴമയുടെ രുചിയും പുതുമയുടെ വൈവിധ്യവും ഒരുപോലെ ആസ്വാദ്യകരമാണിവിടെ. കണ്ടു മടുത്ത നാട മുറിക്കലുകല്‍ക്കും സമ്മാന പെരുമഴയുടെ വാഗ്ദാനങ്ങള്‍ക്കും എന്നെന്നേക്കും വിട നല്‍കിയാണ് ടീ കപ്‌സ് ഉത്ഘാടനം നടത്തിയത്. സാരഥികളായ മേഘാനന്ദ് ടി എസ്, എല്‍ദോസ് സക്കറിയ, രാജേഷ് എംജി എന്നിവരുടെ മാതാ പിതാക്കളാണ് പണമെറിഞ്ഞ് നേടുന്ന താരത്തിളക്കത്തിനല്ല സ്‌നേഹത്തിനാണ് മുന്‍ തൂക്കമെന്ന് പറയാതെ പറഞ്ഞ് ടീ കപ്‌സ് ഉത്ഘാടനം ചെയ്തത്.

അങ്ങനെ ഒട്ടേറെ കൗതുകങ്ങളും, രുചി പെരുമകളും ഉള്ളിലൊളിപ്പിച്ച് ടീ കപ്‌സ് യാത്ര തുടരുകയാണ്.. ഒരു കട യാത്ര ചെയ്യുകയോ എന്ന് ചിന്തിക്കണ്ട, ഇവിടെ യാത്ര പോകുന്നത് രുചികളാണ്.. നാവും ഹൃദയവും കീഴടക്കിയും കാറ്റിന്റെ തേരേറിയും ടീ കപ്‌സിലെ രുചിക്കൂട്ടുകള്‍ നമ്മെ ഭ്രമിപ്പിക്കുക തന്നെ ചെയ്യും.

More from this Section

Highlights

സ്‌ട്രോങ് കട്ടനും ലൈറ്റ് കട്ടനും മാത്രം കണ്ടു പരിചയിച്ച ഏവര്‍ക്കും രുചിക്കൂട്ടിന്റെ പുതിയ താവളമായ ടീ കപ്‌സ് നല്‍കുന്നത് ഒന്നിനൊന്ന് മെച്ചമായ 40 തരത്തിലുള്ള കട്ടന്‍ ചായയാണ്...