undefined

വായും ബ്രഷും ഉപയോഗിച്ച് വിസ്മയം സൃഷ്ടിച്ച സുനിതയെ ഒടുവില്‍ ദേശീയ അവാര്‍ഡും തേടിയെത്തി

വായും ബ്രഷും ഉപയോഗിച്ച് വിസ്മയം സൃഷ്ടിച്ച സുനിതയെ ഒടുവില്‍ ദേശീയ അവാര്‍ഡും തേടിയെത്തി

Highlights

ക്യാന്‍വാസില്‍ പിറവി കൊള്ളുന്ന ഓരോ ചിത്രവും കണ്ണന്റെ ഊരായ കണ്ണൂരില്‍ നിന്നുള്ള സുനിത തൃപ്പാനിക്കര എന്ന പെണ്‍കുട്ടിയുടെ നിശ്ചയ ദാര്‍ഡ്യത്തിൻ്റെ കഥയാണ് നമ്മോട് വിളിച്ച് പറയുന്നത്...

ചുണ്ടിലൊളിപ്പിച്ച ഓടക്കുഴലില്‍ നിന്നും നാദവിസ്മയം തീര്‍ത്ത കള്ളക്കണ്ണനെ നമുക്ക് സുപരിചിതമാണ്. എന്നാല്‍ ചുണ്ടില്‍ കടിച്ചു പിടിച്ച ബ്രഷുമായി ക്യാന്‍വാസില്‍ അതേ കൃഷ്ണനെത്തന്നെ വരയ്ക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടെങ്കിലോ? കണ്ണില്‍ തെളിയുന്ന കാഴ്ച്ചകളെ ഒരു ക്യാന്‍വാസിലേക്ക് അതിലും മനോഹരമായി പകര്‍ത്തുകയെന്നത് ജന്‍മസിദ്ധമായ കഴിവാണ്.വരകളില്‍ വിസ്മയം തീര്‍ത്ത്, നിറങ്ങളെ കീഴടക്കിയ ഒരു പെണ്‍കുട്ടിയുടെ കഥയാണിത്.ക്യാന്‍വാസില്‍ പിറവി കൊള്ളുന്ന ഓരോ ചിത്രവും കണ്ണന്റെ ഊരായ കണ്ണൂരില്‍ നിന്നുള്ള സുനിത തൃപ്പാനിക്കര എന്ന പെണ്‍കുട്ടിയുടെ നിശ്ചയ ദാര്‍ഡ്യത്തിൻ്റെ കഥയാണ് നമ്മോട് വിളിച്ച് പറയുന്നത്.

ഈ വര്‍ഷത്തെ സര്‍ഗ്ഗാത്മക പ്രതിഭയ്ക്കുള്ള ദേശീയ അവാര്‍ഡ് തേടിയെത്തിയ സന്തോഷത്തിലാണ് സുനിത. കഴിഞ്ഞ ദിവസം രാഷ്‌ട്രപതിയില്‍ നിന്നും പ്രസ്തുത അവാര്‍ഡ് സ്വീകരിച്ചപ്പോള്‍ അതൊരു ചരിത്ര നിയോഗം കൂടിയായി. കൈവിട്ടു പോകുമായിരുന്ന തന്റെ ജീവിതത്തിനെ അതിജീവനത്തിലൂടെ സമൂഹത്തിനു മുന്നില്‍ മാതൃകയാക്കി സുനിത നില്‍ക്കൂമ്പോള്‍ അതിനെ അവിശ്വസനീയതയോടെയല്ലാതെ കാണാനാകില്ല എന്നുള്ളതാണ് സത്യം.കര്‍ണ്ണാടക ചിത്രകലാ പരിഷത്തില്‍ നവംബറില്‍ തുടങ്ങിയ ചിത്രപ്രദര്‍ശനത്തില്‍ സുനിതയുടെ അനവധി ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.ചിത്രങ്ങള്‍ കാണുവാനും ആസ്വദിക്കാനുമായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അനവധി പേരാണ് എത്തുന്നത്.കര്‍ണ്ണാടക ചിത്രകലാ പരിഷത്ത് സെക്രട്ടറി എം ജെ കമലാക്ഷിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത്.

1983 നു കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശിയായ കണ്ണന്‍ ധര്‍മ്മന്റെയും ജാനകിയുടെയും മകളായാണ് സുനിതയുടെ ജനനം. ചെറുപ്പത്തിലേ ബാധിച്ച പോളിയോ രോഗത്തിന് സുനിതയുടെ കൈകാലുകളുടെ ചലനശക്തിയേ ഇല്ലാതാക്കുവാന്‍ കഴിഞ്ഞുള്ളു.തളരാത്ത വീര്യവുമായി സുനിത ബാല്യത്തില്‍ എന്നേ നിറങ്ങളോട് കൂട്ടുകൂടിത്തുടങ്ങിയിരുന്നു.സമപ്രായക്കാര്‍ ഓടിയും ചാടിയും ആഘോഷമാക്കിയ ബാല്യത്തെ തീര്‍ത്തും വ്യത്യസ്തമായാണ് സുനിത വരവേറ്റത്.നിറങ്ങളും ക്യാന്‍വാസും ചേര്‍ത്ത് മനോഹരമാക്കിയ വര്‍ണ്ണത്തിന്റെ ഉത്സവമായിരുന്നു സുനിതയുടെ ജീവിതമാകെ.

ചുണ്ടില്‍ കടിച്ചു പിടിച്ച ബ്രഷില്‍ ചിത്രരചന പഠിപ്പിച്ചതു ചിത്രകാരനും പോളിയോ ബാധിതനുമായ സഹോദരന്‍ ഗണേഷ് കുമാറാണ്. ഓയില്‍, അക്രിലിക്,ജലച്ഛായം തുടങ്ങിയ മാദ്ധ്യമങ്ങളാണ് സുനിത ചിത്ര രചനയ്ക്കായി ഉപയോഗിയ്ക്കുന്നത്. കൈകൊണ്ട് വരക്കുന്ന അതേ വേഗതയില്‍ തന്നെയാണ് സുനിത ചുണ്ടില്‍ കടിച്ചു പിടിച്ച ബ്രഷുകൊണ്ടും ചിത്രരചന നടത്തുന്നതെന്ന് ആസ്വാദകര്‍ വിലയിരുത്തുന്നു.വരകളില്‍ വിസ്മയം തീര്‍ക്കുന്ന സുനിത ഇതിനോടകം തന്നെ കേരളത്തിനകത്തും പുറത്തുമായി അനേകം ചിത്രപ്രദര്‍നങ്ങള്‍ നടത്തിക്കഴിഞ്ഞു.സ്‌കൂള്‍ കലോത്സവത്തിലടക്കം അനേകം സമ്മാനങ്ങള്‍ കരസ്ഥമാക്കിയ സുനിത വിദൂര വിദ്യാഭാസത്തിലൂടെ ബിരുദാനന്തര ബിരുദവും നേടിയെടുത്തിട്ടുണ്ട്. വൈകല്യമുള്ള ചിത്രകാരന്‍മാരുടെ -സംഘടനയായ സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മൗത്ത് ആന്‍ഡ് ഫുട് പെയിന്റേഴ്‌സ് അസോസിയേഷന്‍ അംഗം കൂടിയാണ് സുനിത.

സഹോദരന്‍ ഗണേഷ് നടത്തുന്ന ചിത്രകലാ അക്കാദമിയിലെ അദ്ധ്യാപിക കൂടിയാണ് ഈ പെണ്‍കുട്ടി.ഇതിനോടകം തന്നെ ചിത്രകലാ ലേകത്തുനിന്നും അനവധി പുരസ്‌കാരങ്ങളും സുനിതയെ തേടിയെത്തിയിട്ടുണ്ട്.More from this Section

Highlights

ക്യാന്‍വാസില്‍ പിറവി കൊള്ളുന്ന ഓരോ ചിത്രവും കണ്ണന്റെ ഊരായ കണ്ണൂരില്‍ നിന്നുള്ള സുനിത തൃപ്പാനിക്കര എന്ന പെണ്‍കുട്ടിയുടെ നിശ്ചയ ദാര്‍ഡ്യത്തിൻ്റെ കഥയാണ് നമ്മോട് വിളിച്ച് പറയുന്നത്...